| Thursday, 18th February 2021, 1:25 pm

വരുണിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനുള്ളില്‍ കുഴിച്ചിടുന്ന രീതിയിലായിരുന്നില്ല തിരക്കഥ; ദൃശ്യത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണ്. ഉദ്വേഗപരമായ രണ്ടാം ഭാഗം എന്തെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

ദൃശ്യത്തിന്റെ ആദ്യഭാഗത്തില്‍ ജോര്‍ജുകുട്ടി വരുണിന്റെ മൃതദേഹം വീട്ടിലെ പറമ്പില്‍ നിന്നും മാറ്റുന്നതും പണി നടന്നുകൊണ്ടിരിക്കുന്ന ജനമൈത്രി പൊലീസ് സ്റ്റേഷനുള്ളില്‍ മറവുചെയ്യുന്നതുമാണ് കാണിച്ചിരുന്നത്. അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റായിരുന്നു ചിത്രത്തിന്റെ ഈ ക്ലൈമാക്‌സ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ക്ലൈമാക്‌സായിരുന്നില്ല താന്‍ ആദ്യം എഴുതിവെച്ചിരുന്നതെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാല്‍ അവതാരകനായ ലാല്‍സലാം പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ജീത്തു ഇക്കാര്യം പറഞ്ഞത്.

ദൃശ്യത്തിന്റെ ക്ലൈമാക്‌സില്‍ വരുണിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനുള്ളില്‍ കുഴിച്ചിടാനായിരുന്നില്ല ഉദ്ദേശിച്ചിരുന്നതെന്നും മറ്റൊരു ആശയമായിരുന്നു തന്റെ മനസില്‍ ഉണ്ടായിരുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

‘ചിത്രത്തിന്റെ അവസാന രംഗത്ത് ജോര്‍ജുകുട്ടിയും വരുണിന്റെ അച്ഛനമ്മമാരും നേരിട്ട് കണ്ട് സംസാരിക്കുന്ന ഒരു സീനുണ്ട്. ഞാന്‍ എഴുതിവെച്ചിരുന്നത് അവര്‍ സംസാരിക്കുന്നതിന്റെ തൊട്ടു താഴെയായി ആ ചെറുപ്പക്കാരനെ കുഴിച്ചിട്ടിരിക്കുന്നു എന്നായിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ തന്നെ ഇരുന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആലോചിച്ചപ്പോള്‍ അത് അവിടെ ചേരാത്ത പോലെ തോന്നി. എങ്ങനെ അവര്‍ ആ കൃത്യം സ്ഥലത്ത് തന്നെ എത്തി എന്നതിന് എനിക്ക് ഒരു ഉത്തരം കൊടുക്കാനാവുന്നില്ല.

അങ്ങനെ ഞാന്‍ ഇരുന്ന് വീണ്ടും ആലോചിച്ചു, ഇത് ഒരുപക്ഷേ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു പൊലീസ് സ്റ്റേഷന് അകത്തായിരുന്നെങ്കില്‍ നന്നായേനെ എന്ന് അപ്പോള്‍ തോന്നി.

ആ സമയത്ത് ഞാന്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ചില ഡോക്യുമെന്ററികളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ കേട്ട ഒരു കാര്യമായിരുന്നു ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷന്‍ ജനമൈത്രി ആക്കിയാല്‍ അവിടെ ഒരു പുതിയ കെട്ടിടം പണിയുമെന്നത്. അങ്ങനെ ആ ഒരു കോണ്‍സപ്റ്റ് ഇതിലേക്ക് കൊണ്ടുവന്നു. അത് എന്റെ ബ്രില്യന്‍സ് ഒന്നുമല്ല. ദൈവം തന്നതാണ്. അങ്ങനെയെങ്ങ് സംഭവിക്കുന്നതാണ്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം സിനിമയെ എല്ലാവരും ത്രില്ലര്‍ എന്ന് വിളിക്കുമ്പോഴും ചിത്രത്തെ ഒരു ഫാമിലി ഡ്രാമ എന്ന് വിളിക്കാനാണ് തനിക്ക് താത്പര്യമെന്നും ജീത്തു പറഞ്ഞു. മിസ്സിങ് ആയിട്ടുള്ള മകനെ കണ്ടെത്താനുള്ള ഒരു അമ്മയുടെ ഡെസ്പറേഷന്‍. അതേപോലെ ഒരു ക്രൈമില്‍ അകപ്പെട്ട് ജയിലില്‍ പോകേണ്ട മകളെ സംരക്ഷിക്കാനായി തുനിഞ്ഞിറങ്ങുന്ന ഒരു അച്ഛന്‍. ഇവര്‍ തമ്മിലുള്ള ഒരു യുദ്ധമാണ് ഇത്. എന്നാല്‍ സിനിമയായി വന്നപ്പോള്‍ ഇതൊരു ഫാമിലി ത്രില്ലറായി മാറി. എന്നാല്‍ ഞാനിന്നും വിശ്വസിക്കുന്നത് ഇതൊരു ഫാമിലി ഡ്രാമ തന്നെയാണെന്നാണ്, ജീത്തു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director Jeethu Joseph About Drishyam Movie Climax

We use cookies to give you the best possible experience. Learn more