ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമയിലെ സഹനടന്മാരും നടികളുമായെത്തിയവരെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെ പരിചിതരായ കൃഷ്ണപ്രഭ, സുമേഷ്, അജിത്ത് എന്നിവരായിരുന്നു ചിത്രത്തില്‍ വളരെ സീരിയസായ കഥാപാത്രങ്ങളായെത്തിയത്.
ഇതിന് പിന്നാലെ സാധാരണയായി കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നവരെ സീരിയസ് റോളിലേക്ക് പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ജീത്തു ജോസഫിനോട് പലരും ചോദ്യമുന്നയിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും ദൃശ്യത്തിന്റെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരുന്നു. ഇതിലാണ് കോമഡി അഭിനേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജീത്തു മറുപടി നല്‍കിയത്.
ആദ്യ സിനിമയായ ഡിറ്റക്ടീവ് മുതല്‍ കോമഡി ചെയ്യുന്ന അഭിനേതാക്കളെ വ്യത്യസ്തമായ റോളുകള്‍ക്ക് പരിഗണിക്കാറുണ്ടായിരുന്നെന്ന് ജീത്തു പറഞ്ഞു. ഡിറ്റക്ടീവിലെ വില്ലന്‍ കലാഭവന്‍ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്നും ജീത്തു പറഞ്ഞു.