മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജയരാജ്. മലയാളത്തിന് ഒരുപാട് ഹിറ്റ് സിനിമകള്‍ തന്ന വ്യക്തിയാണ് അദ്ദേഹം. ‘ഫോര്‍ ദ പീപ്പിള്‍’, ‘ജോണിവാക്കര്‍’, ‘കളിയാട്ടം’, ‘ഹൈവേ’ തുടങ്ങിയ നിരവധി സിനിമകള്‍ ജയരാജിന്റേതായുണ്ട്.
അതില്‍ വളരെ സ്‌റ്റൈലിഷായ സിനിമകളാണ് ജോണിവാക്കറും ഹൈവേയും. ജോണിവാക്കറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഈ രണ്ട് സിനിമകളിലും അവരുടെ ഡ്രസിങ്ങാണെങ്കിലും അവര്‍ ഉപയോഗിക്കുന്ന ഗാഡ്ജറ്റ്‌സാണെങ്കിലും സിനിമ പോലെ സ്‌റ്റൈലിഷാണ്.
ഹൈവേയിലെ ഫ്രെയിമുകളും അതിലെ ജീപ്പും മലയാള സിനിമയില്‍ മുന്‍പ് കണ്ടിട്ടില്ലാത്തതാണ്. സ്‌റ്റൈലുള്ള ജയരാജ് സിനിമകള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.
ഒപ്പം താന്‍ ജോണി വാക്കര്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും സമീപിച്ചിരുന്നെന്നും ജയരാജ് പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും അത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. റിയലിസ്റ്റിക്ക് ആയിട്ടുള്ള സിനിമ ചെയ്ത് എനിക്ക് ബോറടിച്ചു. ഇനിയങ്ങോട്ട് സ്‌റ്റൈലുള്ള സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കണം.
ഹൈവേയുടെ രണ്ടാം ഭാഗം ചെയ്യാന്‍ വേണ്ടി എല്ലാമൊരുക്കിയിരുന്നു. അതിന് വേണ്ടി കാസ്റ്റിങ് കോള്‍ പോലും ചെയ്തു. പക്ഷേ ചില ടെക്‌നിക്കല്‍ കാരണങ്ങള്‍ കൊണ്ട് ഞാന്‍ അത് മാറ്റിവെച്ചു.
ജോണിവാക്കറിന്റെ അടുത്ത ഭാഗം ചെയ്യാന്‍ മമ്മൂക്കയോടും ദുല്‍ഖറിനോടും പറഞ്ഞു. അതിന്റെ കഥയൊക്കെ തയ്യാറാണ്. ആ സിനിമ വന്നാല്‍ ഹിറ്റാകുമെന്നും നമുക്ക് അറിയാവുന്നതാണ്.
കാരണം ആ തരത്തിലാണ് സിനിമയെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടുപേര്‍ക്കും അത്ര താത്പര്യമില്ല. തത്കാലം സിനിമ മാറ്റിവെച്ചു. എന്നുകരുതി വേണ്ടെന്ന് വെച്ചിട്ടില്ല,’ ജയരാജ് പറഞ്ഞു.
Content Highlight: Director Jayaraj Talks About Mammootty And Dulquer Salman