| Tuesday, 5th December 2023, 11:05 am

ജോണിവാക്കറിലേക്ക് ലാലിനെ വിളിച്ചപ്പോൾ എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി: ജയരാജ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ ഴോണറിലുള്ള സിനിമകളും മലയാളത്തിൽ പരീക്ഷിച്ചു നോക്കിയിട്ടുള്ള സംവിധായകനാണ് ജയരാജ്. കച്ചവട സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള ജയരാജിന്റെ ഒരുപാട് ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ജയരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആയിരുന്നു ജോണിവാക്കർ.

ഇപ്പോഴും വലിയ പ്രേക്ഷക സ്വീകാര്യതയുള്ള ചിത്രത്തിലേക്ക് ഒരു കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് നടൻ ലാലിനെ ആയിരുന്നെന്നും എന്നാൽ തനിക്ക് പറ്റില്ല എന്ന് പറഞ്ഞ് ലാൽ ഒഴിഞ്ഞെന്നും പറയുകയാണ് ജയരാജ്‌.

പിന്നീട് കളിയാട്ടം എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ അതിലെ ഒരു കഥാപാത്രം ആവാൻ ലാൽ തന്നെ വേണമെന്നുള്ളത് കൊണ്ട് നിർബന്ധിച്ച് അദ്ദേഹത്തെ അഭിനയിപ്പിക്കുകയായിരുന്നുവെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ജയരാജ് പറഞ്ഞു.

‘കഥാപാത്രത്തിന് അനുയോജ്യമായവരെ കാണുമ്പോൾ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു മുഖം നമ്മുടെ കഥാപാത്രത്തിന് പോസിബിൾ ആണോ എന്നാണ് നോക്കുക. ശാന്തം സിനിമയ്ക്ക് വേണ്ടി വിജയനെ എടുക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. കളിയാട്ടത്തിലേക്ക് ലാലിനെ തെരഞ്ഞെടുത്തതും അങ്ങനെയാണ്.

ലാലിനെ എന്റെ ജോണി വാക്കർ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചതായിരുന്നു. അതിലെ സ്വാമി എന്ന കഥാപാത്രത്തിനായി ആദ്യം വിളിച്ചത് ലാലിനെ ആയിരുന്നു. ഞാൻ ഇല്ലായെന്ന് പറഞ്ഞ് ലാൽ അന്ന് ഓടി. വേറേ വല്ല പണിയെങ്ങാനും നോക്കെടോ എന്ന് പറഞ്ഞു.

പിന്നെ കളിയാട്ടം ആയപ്പോൾ ഞാൻ വീണ്ടും ലാലിനെ വിളിച്ചു. ഞാൻ സിദ്ദിഖിനോട് പറഞ്ഞു എങ്ങനെയെങ്കിലും ലാലിനെയൊന്ന് കൺവിൻസ് ചെയ്യെന്ന്. ലാലിനെ വിളിച്ച്, എടോ താൻ പോയി ചെയ്യെടോ എന്ന് പറഞ്ഞിട്ടാണ് ലാൽ ആ വേഷം ചെയ്യുന്നത്.

എന്നിട്ട് പോലും ലാലിന് ശകലം പോലും കോൺഫിഡൻസ് ഇല്ലായിരുന്നു. പക്ഷെ ലാൽ ചെയ്ത കഥാപാത്രങ്ങളിൽ ഇപ്പോഴും ഏറ്റവും മികച്ചതായി നിൽക്കുന്ന ചിത്രം കളിയാട്ടം തന്നെയാണ്,’ജയരാജ്‌ പറയുന്നു.

Content Highlight: Director Jayaraj Talk About Actor Lal

We use cookies to give you the best possible experience. Learn more