ഭരതന്റെ സഹ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് ജയരാജ്. വിദ്യാരംഭം എന്ന സിനിമയിലൂടെ സംവിധായകനായി മാറിയ ജയരാജ് മലയാളത്തിന് വ്യത്യസ്‍ത സിനിമകൾ സമ്മാനിച്ച ഒരാളാണ്.
ജോണി വാക്കർ, തിളക്കം, ഫോർ ദി പീപ്പിൾ പോലുള്ള കൊമേർഷ്യൽ സിനിമകൾക്കൊപ്പം കളിയാട്ടം, കാരുണ്യം, ദേശാടനം തുടങ്ങിയ കലാമൂല്യമുള്ള സിനിമകളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കളിയാട്ടം എന്ന സിനിമയിലൂടെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി.
മലയാളത്തിലെ മുൻനിര നായക നടന്മാരോടൊപ്പമെല്ലാം സിനിമകൾ ചെയ്തിട്ടുള്ള ജയരാജ് ഇന്നേ വരെ മോഹൻലാലിനോടൊപ്പം ഒരു സിനിമയുടെ ഭാഗമായിട്ടില്ല. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളോടൊപ്പമെല്ലാം വർക്ക് ചെയ്തിട്ടുള്ള ജയരാജിന്റെ ഒരു മോഹൻലാൽ സിനിമയ്ക്ക് മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി.
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നീണ്ടുപോയെന്നും പറയുകയാണ് ജയരാജ്. എന്നെങ്കിലും ഒരു മോഹൻലാൽ ചിത്രം ചെയ്യുകയാണെങ്കിൽ അത് തീർച്ചയായും അദ്ദേഹത്തിലെ നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ആയിരിക്കുമെന്ന് സില്ലി മോങ്ക്സ് മോളിവുഡിനോട് ജയരാജ് പറഞ്ഞു.
‘മോഹൻലാലിനെ നായകനാക്കി എന്റെയൊരു സിനിമ എന്ന വിഷയം തന്നെ വലിയൊരു ടോപ്പിക്ക് ആണ്. അതിനെ കുറിച്ച് സംസാരിക്കാൻ ഒരുപാട് സമയം ആവശ്യമാണ്. നിരവധി തവണ അതിനെ കുറിച്ച് പല സ്ഥലത്തും ഞാൻ സംസാരിച്ചിട്ടുണ്ട്. പിന്നീട് അതിങ്ങനെ നീണ്ടു പോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. അങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്റെ സിനിമകളിൽ നടന്ന സിനിമകളെക്കാൾ നടക്കാത്തതാണ് കൂടുതൽ ഉള്ളത്. ആഗ്രഹിച്ച ഒരുപാട് പ്രൊജക്റ്റുകളുണ്ട്.
പക്ഷെ ഒരു കാര്യം സത്യമാണ്. മോഹൻലാൽ എന്ന അതുല്യ കലാപ്രതിഭയ്ക്ക് ഇത് വരെ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ചലഞ്ചിങ് കഥാപാത്രം കൊടുക്കാൻ എനിക്ക് കഴിയുമെന്നാണ് വിശ്വാസം,’ജയരാജ് പറയുന്നു.
എം.ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഈയിടെ പുറത്തിറങ്ങിയ വെബ് സീരിസ് മനോരഥങ്ങളിൽ സ്വർഗം തുറക്കുന്ന സമയം എന്ന ഭാഗം ജയരാജ് ഒരുക്കിയിരുന്നു. ഓളവും തീരവും എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരത്തിലൂടെ മോഹൻലാലും മനോരഥത്തിന്റെ ഭാഗമായിരുന്നു.
Content Highlight: Director Jayaraj About His Dream Project With Mohanlal