Entertainment news
ജാക്കിന് മരിക്കാതിരിക്കാന്‍ കഴിയില്ല, അത് തെളിയിക്കാനായി ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിരുന്നു: ജെയിംസ് കാമറൂണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 19, 02:18 pm
Monday, 19th December 2022, 7:48 pm

പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും സിനിമാ ആസ്വാദകരുടെ മനസില്‍ നിലനില്‍ക്കുന്ന പ്രണയകാവ്യമാണ് ടൈറ്റാനിക്. 1997 ഡിസംബര്‍ 19നാണ് ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ ടൈറ്റാനിക് തിയേറ്ററുകളിലെത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കാമറൂണിപ്പോള്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട്‌ ആദ്യം മുതല്‍ക്കെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കപ്പല്‍ അപകടത്തില്‍ നായകനായ ജാക്ക് മരിക്കുന്നതായിട്ടാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന നായിക റോസിന് ജാക്കിനെ രക്ഷിക്കാനുള്ള സാഹചര്യമുണ്ടായിരുന്നല്ലോ, എന്നതരത്തിലുള്ള ചര്‍ച്ചകള്‍  സജീവമായിരുന്നു. ഇതിനുള്ള വിശദീകരണം കൂടിയാണ് കാമറൂണിന്റെ പുതിയ പ്രതികരണം.

സിനിമയില്‍ ജാക്ക് എന്തായാലും മരിക്കുമായിരുന്നുവെന്നും അത് തെളിയിക്കാനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തിയെന്നുമാണ് കാമറൂണ്‍ പറഞ്ഞത്. കനേഡിയന്‍ മാധ്യമമായ പോസ്റ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തല്‍.

റോസും ജാക്കും അന്നുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ രക്ഷപ്പെടുമായിരുന്നുള്ളുവെന്നും, അതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്റെയും റോസിന്റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നുവെന്നും, അങ്ങനെയാണ് ജാക്ക് മരിക്കുമെന്ന്‌ ശാസ്ത്രീയമായി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ കപ്പല്‍ അപകടത്തില്‍ ജാക്ക് മരിക്കുന്നതായിട്ടാണ് ടൈറ്റാനിക്കില്‍ കാണിച്ചിരിക്കുന്നത്. അതിന്റെ പേരില്‍ അന്നുമുതല്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ജാക്കിന്റെ മരണം നടക്കുമെന്നുറപ്പാണ്‌. അത് തെളിയിക്കാനായി ശാസ്ത്രീയമായ പരിശോധന നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ടുപേരും അന്നുണ്ടായിരുന്ന സാഹചര്യത്തില്‍ ആരെങ്കിലും ഒരാള്‍ മരിക്കും. അതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്‌. അറ്റ്‌ലാന്റിക്കിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്ന ഒരാള്‍ എന്തായാലും മരിക്കും. ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ സഹായത്തോടെ വീണ്ടും ആ സീന്‍ പുനരാവിഷ്‌കരിച്ചു. അങ്ങനെയാണ് മരണം ശരിയാണെന്ന് തിരിച്ചറിഞ്ഞത്.   ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവസാനിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഞാനിത് പറയുന്നത്,’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.

1997ല്‍ തിയേറ്ററുകളിലെത്തിയ ടൈറ്റാനിക്ക് ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം കൂടിയാണ്.  ഡികാപ്രിയോ, കേറ്റ് വിന്‍സ്‌ലെറ്റ്‌ എന്നിവരായിരുന്നു സിനിമയില്‍ ജാക്കും റോസുമായെത്തിയത്. അവതാര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ അവതാര്‍ ദി വേ ഓഫ് വാട്ടറാണ് കാമറൂണിന്റെ പുതിയ സിനിമ. ഈ മാസം പതിനാറിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

 

content highlight: director james cameroon talks about titanic