| Friday, 4th June 2021, 4:19 pm

പ്രിയന്‍ സര്‍ ഒന്നും പറഞ്ഞുതരില്ല, എല്ലാം കണ്ട് പഠിച്ചെടുക്കണം, ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറിപ്പോവാനും പാടില്ല: അനി ഐ.വി ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രിയദര്‍ശനൊപ്പം തിരക്കഥയൊരുക്കി സിനിമാരംഗത്ത് ചുവടുറപ്പിക്കുകയാണ് ഐ.വി ശശിയുടെ മകന്‍ അനി ഐ.വി ശശി. വിഷ്വല്‍കമ്മ്യൂണിക്കേഷന്‍ പഠനം കഴിഞ്ഞ ശേഷം പത്ത് വര്‍ഷമായി പ്രിയദര്‍ശന്റെ ശിഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു അനി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലയായുള്ള അനി ‘നിന്നില നിന്നില’ എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്താണ് അച്ഛന്റെ പാതയില്‍ എത്തിയത്. ഒ.ടി.ടി റിലീസായി എത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.

താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ അച്ഛന്‍ പ്രത്യേകിച്ച് ഉപദേശമൊന്നും തന്നിരുന്നില്ലെന്നും പ്രിയന്‍സാറും ഒന്നും പറഞ്ഞുതരില്ലെന്നും അനി പറയുന്നു. എല്ലാം കണ്ട് പഠിച്ചെടുക്കേണ്ടതാണ്. ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറിപ്പോവാനും പാടില്ല. സ്‌ക്രിപ്ടിങ്, ആള്‍ക്കൂട്ടം വെച്ച് എങ്ങനെ ഭംഗിയായി ഫ്രെയിം ഒരുക്കാമെന്നുള്ള കാര്യമെല്ലാം പ്രിയന്‍സാറില്‍ നിന്നാണ് പഠിച്ചത്.

ലോകത്ത് നല്ല സിനിമ, മോശം സിനിമ എന്നൊന്നില്ലെന്ന് പ്രിയന്‍സര്‍ എപ്പോഴും പറയാറുണ്ട്. മോശം സിനിമ എന്ന് നമ്മള്‍ പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. ആളുകള്‍ എന്ത് അഭിപ്രായം പറഞ്ഞാലും അതു മുഖ്യമായി കാണാന്‍ പാടില്ല. നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. ആ വാക്കുകള്‍ പിന്തുടരുന്നു, അനി ഐ.വി ശശി പറയുന്നു.

അച്ഛന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയോടൊപ്പം എപ്പോഴായിരിക്കും ഒത്തുചേരുക എന്ന ചോദ്യത്തിന് ആലോചനയുണ്ടെന്നായിരുന്നു അനിയുടെ മറുപടി. എപ്പോള്‍ നടക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ തെലുങ്കില്‍ തന്നെയായിരിക്കും അടുത്ത സിനിമയും. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈകാതെ മലയാളത്തിലും ചെയ്യണം, അനി പറഞ്ഞു.

വീട്ടില്‍ സിനിമ മാത്രമാണ് അച്ഛന്‍ സംസാരിച്ചിരുന്നത്. ഞാന്‍ അത് ശ്രദ്ധേയോടെ കേള്‍ക്കും. സിനിമയുടെ സാങ്കേതിക വശമാണ് എന്നെ ആകര്‍ഷിച്ചത്. സിനിമ മാത്രമേ എനിക്ക് അറിയുകയുള്ളൂ. സിനിമ ചെയ്യുമ്പോഴാണ് എനിക്ക് സമാധാനം കിട്ടുന്നത്. അത് ക്ലാപ്പടിക്കുന്നതായാല്‍ പോലും.

ക്യാമറയുടെ പിന്നില്‍ നില്‍ക്കുമ്പോള്‍ സിനിമാകുടുംബത്തില്‍ നിന്നു വരുന്നതിന്റെ ടെന്‍ഷന്‍ അനുഭവപ്പെടാറില്ല. എന്റെ സന്തോഷത്തിലാണ് സിനിമ ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിന് ഒപ്പം എത്താന്‍ എനിക്ക് കഴിയില്ല, അനി ഐ.വി ശശി പറഞ്ഞു.

അച്ഛന്റെ മാസ് സിനിമകളേക്കാള്‍ തനിക്കിഷ്ടം എം.ടി സാറിന്റേയും പത്മരാജന്‍ സാറിന്റേയും തിരക്കഥയില്‍ ചെയ്ത സിനിമകളാണെന്നും അനി പറയുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയേ, ആരൂഢം, അനുബന്ധം, കാണാമറയത്ത് തുടങ്ങിയ സിനിമകള്‍ വളരെ ഇഷ്ടമാണെന്നും അനി ഐ.വി. ശശി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എപ്പോഴായിരിക്കും അച്ഛനെപ്പോലെ മാസ് സിനിമകള്‍ ചെയ്യുക എന്ന ചോദ്യത്തിന് കഥ ആവശ്യപ്പെട്ടാല്‍ ചെയ്യുമെന്നായിരുന്നു അനിയുടെ മറുപടി.

‘കഥ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ചെയ്യും. ഇരുപതുപേരെ വച്ച് ഷൂട്ട് ചെയ്യാന്‍ സുഖമാണ്. മരക്കാറില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ആളുകളുണ്ട്. എന്നാല്‍ അച്ഛന്റെ സമയത്ത് ഇത്രയും ആളുകളെ നിയന്ത്രിച്ച് സിനിമ ചെയ്യുക ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.

എല്ലാവരെയും നിയന്ത്രിച്ച് എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നുവെന്ന് അച്ഛനോട് ചോദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കുമെന്നായിരുന്നു അച്ഛന്റെ മറുപടി.

ലൗഡ് സ്പീക്കറിലൂടെ അച്ഛന്‍ ആളുകളെ നിയന്ത്രിച്ചു. അത് അച്ഛന്റെ പവറാണ്. അച്ഛന്റെ സിനിമകള്‍ ആളുകളില്‍ ചെലുത്തിയ സ്വാധീനമായിരിക്കും. ഒപ്പം അച്ഛനോടുള്ള സ്നേഹവും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സഹസംവിധായകര്‍ക്ക് കഴിയില്ല,’ അനി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director IV Sasi Son Ani Iv Sasi About Priyadarshan

We use cookies to give you the best possible experience. Learn more