മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രിയദര്‍ശനൊപ്പം തിരക്കഥയൊരുക്കി സിനിമാരംഗത്ത് ചുവടുറപ്പിക്കുകയാണ് ഐ.വി ശശിയുടെ മകന്‍ അനി ഐ.വി ശശി. വിഷ്വല്‍കമ്മ്യൂണിക്കേഷന്‍ പഠനം കഴിഞ്ഞ ശേഷം പത്ത് വര്‍ഷമായി പ്രിയദര്‍ശന്റെ ശിഷ്യനായി പ്രവര്‍ത്തിക്കുകയായിരുന്നു അനി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലയായുള്ള അനി ‘നിന്നില നിന്നില’ എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്താണ് അച്ഛന്റെ പാതയില്‍ എത്തിയത്. ഒ.ടി.ടി റിലീസായി എത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.
താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ അച്ഛന്‍ പ്രത്യേകിച്ച് ഉപദേശമൊന്നും തന്നിരുന്നില്ലെന്നും പ്രിയന്‍സാറും ഒന്നും പറഞ്ഞുതരില്ലെന്നും അനി പറയുന്നു. എല്ലാം കണ്ട് പഠിച്ചെടുക്കേണ്ടതാണ്. ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറിപ്പോവാനും പാടില്ല. സ്‌ക്രിപ്ടിങ്, ആള്‍ക്കൂട്ടം വെച്ച് എങ്ങനെ ഭംഗിയായി ഫ്രെയിം ഒരുക്കാമെന്നുള്ള കാര്യമെല്ലാം പ്രിയന്‍സാറില്‍ നിന്നാണ് പഠിച്ചത്.
ലോകത്ത് നല്ല സിനിമ, മോശം സിനിമ എന്നൊന്നില്ലെന്ന് പ്രിയന്‍സര്‍ എപ്പോഴും പറയാറുണ്ട്. മോശം സിനിമ എന്ന് നമ്മള്‍ പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. ആളുകള്‍ എന്ത് അഭിപ്രായം പറഞ്ഞാലും അതു മുഖ്യമായി കാണാന്‍ പാടില്ല. നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. ആ വാക്കുകള്‍ പിന്തുടരുന്നു, അനി ഐ.വി ശശി പറയുന്നു.
അച്ഛന്റെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയോടൊപ്പം എപ്പോഴായിരിക്കും ഒത്തുചേരുക എന്ന ചോദ്യത്തിന് ആലോചനയുണ്ടെന്നായിരുന്നു അനിയുടെ മറുപടി. എപ്പോള്‍ നടക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ തെലുങ്കില്‍ തന്നെയായിരിക്കും അടുത്ത സിനിമയും. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈകാതെ മലയാളത്തിലും ചെയ്യണം, അനി പറഞ്ഞു.
വീട്ടില്‍ സിനിമ മാത്രമാണ് അച്ഛന്‍ സംസാരിച്ചിരുന്നത്. ഞാന്‍ അത് ശ്രദ്ധേയോടെ കേള്‍ക്കും. സിനിമയുടെ സാങ്കേതിക വശമാണ് എന്നെ ആകര്‍ഷിച്ചത്. സിനിമ മാത്രമേ എനിക്ക് അറിയുകയുള്ളൂ. സിനിമ ചെയ്യുമ്പോഴാണ് എനിക്ക് സമാധാനം കിട്ടുന്നത്. അത് ക്ലാപ്പടിക്കുന്നതായാല്‍ പോലും.
ക്യാമറയുടെ പിന്നില്‍ നില്‍ക്കുമ്പോള്‍ സിനിമാകുടുംബത്തില്‍ നിന്നു വരുന്നതിന്റെ ടെന്‍ഷന്‍ അനുഭവപ്പെടാറില്ല. എന്റെ സന്തോഷത്തിലാണ് സിനിമ ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിന് ഒപ്പം എത്താന്‍ എനിക്ക് കഴിയില്ല, അനി ഐ.വി ശശി പറഞ്ഞു.