മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഇബ്രാഹിം ഹസ്സന്‍. എത്ര കോട്ടും സ്യൂട്ടും ഇട്ടാലും ചെമ്പിലെ ഒരു സാധാരണ ഗ്രാമീണന്റെ മനസാണ് അദ്ദേഹത്തിനെന്നും അത് നേരിട്ട് അറിഞ്ഞ ഒരാളാണ് താനെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം പറഞ്ഞു.
‘മദ്രാസിലൊക്കെ സുല്‍ത്താനെന്നായിരുന്നു മമ്മൂക്കയുടെ പേര്. സുല്‍ത്താന്‍ വരുന്നു എന്നായിരുന്നു പറയുന്നത്. ഒരു സെറ്റില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പുള്ളി നമ്മുടെ ഒരു ഭാഗമായി മാറും. ഒരു കാരണവരെ പോലെ, ഒരു ജ്യേഷ്ഠനെ പോലെ എല്ലാവരുടെയും കാര്യത്തില്‍ എന്തോ ഒരു അവകാശം ഉള്ളതുപോലെ അത്രയും ഒരു ഉത്തരവാദിത്തത്തോടുകൂടെയായിരിക്കും പുള്ളി ഓരോന്ന് ചെയ്യുന്നത്.
മമ്മൂക്കക്ക് ചിലപ്പോള്‍ ദേഷ്യം വരാറുണ്ട്. ചിലത് ചിന്തിക്കാതെയായിരിക്കും പറയുന്നത്. എന്നാല്‍ അടുത്ത നിമിഷം തന്നെ തിരിച്ച് വരും. ഒരു സെറ്റില്‍ ഒരാളോട് ദേഷ്യപ്പെട്ടാല്‍ പോലും അയാളോട് അതിന്റെ കാര്യം കണ്‍വിന്‍സ് ചെയ്തിട്ടോ അതല്ലെങ്കില്‍ സോറി പ്രകടിപ്പിച്ച് അയാളെ സമാധാനപ്പെടുത്തിയിട്ടോ മാത്രേമേ മമ്മൂക്ക പോവുകയുള്ളൂ. അല്ലാതൊരു ഉടക്കോ പ്രശ്‌നമോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
മുണ്ടക്കയത്ത് പണ്ട് ഷൂട്ടിനിടക്ക് മമ്മൂക്കയെ ആരോ അനാവശ്യം പറഞ്ഞപ്പോള്‍ തിരിച്ച് അതുപോലെ തന്നെ പറഞ്ഞിട്ടുണ്ട്, മനുഷ്യനല്ലേ. അതിപ്പോള്‍ നമ്മളാണെങ്കിലും പറയുമല്ലോ, പറയണമല്ലോ, പറഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യരാണോ? അത് അത്രേയുള്ളൂ. ചെമ്പ് എന്ന് പറയുന്ന ഗ്രാമത്തിലെ നന്മയുള്ള ഗ്രാമീണന്റെ മനസ് തന്നെയാണ് മമ്മൂക്കക്ക്. എത്ര കോട്ടിട്ടാലും എത്ര സ്യൂട്ടിട്ടാലും എത്ര ബി.എം.ഡബ്ല്യൂവിലോ ഓഡി കാറിലോ പോയാലും മമ്മൂക്കയുടെ മനസില്‍ ആ പാവം നാട്ടുമ്പുറത്തുകാരന്റെ നന്മ മാത്രമേയുള്ളൂ. അത് നേരിട്ട് അറിഞ്ഞാലേ മനസിലാവുകയുള്ളൂ. അത് പല സമയങ്ങളിലും അറിഞ്ഞ കൂട്ടത്തിലാണ് ഞാന്‍.
മമ്മൂക്കയുടെ പബ്ലിക്കായിട്ടുള്ള ബന്ധങ്ങളും ഒരുപക്ഷേ മറ്റാര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യും. ഷോയ്ക്ക് വേണ്ടി ഒന്നും ചെയ്യില്ല. എത്രയോ കാര്യങ്ങള്‍ വെളിയില്‍ അറിയുന്നില്ല,’ ഇബ്രാഹിം പറഞ്ഞു.
Content Highlight: Director Ibrahim Hassan shares his experiences with Mammootty