സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഓട്ടോക്കാരന്റെ റോളില്‍ സുരാജിനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ഹരികുമാര്‍.
‘മൂന്ന് വര്‍ഷം മുമ്പ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ആദ്യ ചര്‍ച്ചയില്‍ തന്നെ സുരാജ് വെഞ്ഞാറമൂടിനെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് ഇന്ന് കാണുന്ന താരപദവിയൊന്നുമില്ല, നായകറോളുകള്‍ ചെയ്തു തുടങ്ങുന്നതേയുള്ളൂ. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ വളരെ ആവേശത്തോടെ തന്നെ സമ്മതമറിയിച്ചു.
ഈ സിനിമയില്‍ അഭിനയിക്കാന്‍ രണ്ട് കാരണങ്ങളാണ് സുരാജ് അന്ന് പറഞ്ഞത്. എന്റെ സിനിമയില്‍ അഭിനയിക്കുക എന്നൊരാഗ്രഹം, അതുപോലെ എം. മുകുന്ദന്‍ എന്ന മലയാളം കണ്ട വലിയ സാഹിത്യകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ഭാഗ്യം.
കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴേക്കും സുരാജ് ഒരുപാട് വിജയങ്ങള്‍ കൊയ്ത് തിരക്കുള്ള നായകനടനായി മാറിയിരുന്നു. ലൊക്കേഷനില്‍ സുരാജിനെ കാണാനായി ഒരുപാട് നിര്‍മാതാക്കളും സംവിധായകരും കാത്തിരിക്കും.
ഞാന്‍ ഷൂട്ടിന്റെ ആദ്യ ദിവസം സുരാജിനോട് പറഞ്ഞു, ഇപ്പോഴാണെങ്കില്‍ ഞാന്‍ സുരാജിനെ ഓട്ടോക്കാരന്‍ സജീവനായി കാസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന്. അപ്പോള്‍ സുരാജ് അതെന്താ സാര്‍..? എന്നെന്നോട് ചോദിച്ചു. ഇപ്പോഴത്തെ സുരാജിന്റെ താരപരിവേഷം ആകെ മാറിയല്ലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു.
അപ്പോള്‍ സുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു ‘ഏയ്, അത്തരം പരിവേഷമൊന്നുമില്ല, ഞാന്‍ ഏത് റോളും പിടിക്കും, ഇതൊക്കെ ചെയ്തിട്ടല്ലേ സാര്‍ ഞാന്‍ ഇവിടെയെത്തിയത്, സാര്‍ നോക്കിക്കോ മിനുട്ടുകള്‍ കൊണ്ട് ഞാന്‍ ഓട്ടോക്കാരന്‍ സജീവനായി മാറും’.
അസാധ്യനായ അഭിനേതാവ് സുരാജെന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഗംഭീരമായി തന്നെ ഓട്ടോക്കാരന്‍ സജീവന്‍ എന്ന കഥാപാത്രത്തെ സുരാജ് അവതരിപ്പിച്ചു. അടുത്ത കാലത്ത് ഇറങ്ങിയ സീരിയസ് റോളുകളില്‍ നിന്നെല്ലാം മാറി അല്‍പം കോമഡി ടച്ചുള്ള ഒരുനാടന്‍ കഥാപാത്രമാണ് ഈ സിനിമയില്‍ സുരാജിന്റേത്,’ ഹരികുമാര്‍ പറഞ്ഞു.
അതേസമയം, ഏറെനാളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആന്‍ അഗസ്റ്റിന്റെ റീ എന്‍ട്രി കൂടിയാണ് ചിത്രം. ഒക്ടോബര്‍ 28നാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Director Harikumar Talks About Casting of Suraj Venjaramood in Autorikshawkkarnte bharya movie