മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ആദ്യ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടികളില്‍ ഒന്നായിരുന്ന രാധിക വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആന്‍ അഗസ്റ്റിന്റെ റീ എന്‍ട്രി കൂടിയാണെന്ന പ്രത്യേകതയുമുണ്ട് സിനിമക്ക്.
മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ ഹരികുമാര്‍.
‘ആന്‍ അഗസ്റ്റിന്‍ അപ്രതീക്ഷിതമായാണ് ഇതിലേ നായിക റോളിലേക്ക് എത്തുന്നത്. പല പ്രമുഖനടിമാരെ നായിക റോളിലേക്ക് നമ്മള്‍ ആലോചിച്ചിരുന്നു. പുതിയൊരാളാകണം എന്നൊരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ആ സമയത്താണ് ആന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ ആലോചിക്കുന്നു എന്നറിഞ്ഞത്.
ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവായതിനാല്‍ പ്രേക്ഷകര്‍ക്കും പുതുമയുണ്ടാകും എന്നെനിക്ക് തോന്നി. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായിരിക്കും ആന്‍ എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അവരോട് സംസാരിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ അവര്‍ ഈ സിനിമയുടെ ഭാഗമായി.
ഷൂട്ടിങ് പൂര്‍ത്തിയാക്കി ഫൈനല്‍ പ്രിവ്യൂ ഷോ കണ്ടവര്‍ പറഞ്ഞത് ആന്‍ അല്ലാതെ മറ്റൊരു നടിയ്ക്ക് ഇത്ര ഗംഭീരമായി ഈ കഥാപാത്രത്തെ അഭിനയിക്കാനാവില്ലെന്നാണ്,’ ഹരികുമാര്‍ പറഞ്ഞു.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ സിനിമയാക്കാനുള്ള ജേര്‍ണിയെക്കുറിച്ചും ഹരികുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ ആദ്യമായി വായിച്ചപ്പോള്‍ തന്നെ അതിലൊരു സിനിമയുണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ ആ കഥ വികസിപ്പിച്ചെടുത്ത് സിനിമ രൂപത്തിലേക്ക് മാറ്റാതെ മുന്നോട്ട് പോവുക സാധ്യമല്ലായിരുന്നു. ഒരുവര്‍ഷത്തോളം ഞാന്‍ ആ കഥയെ മനസ്സിലിട്ട് പലവിധത്തില്‍ സിനിമ രൂപത്തില്‍ ആലോചിച്ചു.
അവസാനം എനിക്കിഷ്ടപ്പെട്ട രീതിയിലൊരു ചിന്ത വന്നപ്പോഴാണ് മുകുന്ദേട്ടനെ (എം.മുകുന്ദന്‍) ബന്ധപ്പെട്ടത്. അപ്പോഴേക്കും നിരവധി സംവിധായകന്‍ സമാന ആഗ്രഹവുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ ആരോടും മുകുന്ദേട്ടന്‍ സമ്മതമറിയിച്ചിട്ടുണ്ടായിരുന്നില്ല.
ഹരിയ്ക്ക് അതില്‍ കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം എന്നദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് അതിന്റെ സിനിമ രൂപത്തെ കുറിച്ച് വിശദീകരിച്ചു കൊടുത്തു.
അത് അദ്ദേഹത്തെ ഇഷ്ടമാകുകയും, എനിക്ക് നിബന്ധനകളൊന്നും ഇല്ല, ഹരി ധൈര്യമായി മുന്നോട്ട് പോയ്ക്കൊള്ളൂ എന്ന് പറയുകയും ചെയ്തു,’ ഹരികുമാര്‍ പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ 28നാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ തിയേറ്ററുകളില്‍ എത്തുന്നത്.