| Wednesday, 2nd December 2020, 4:48 pm

ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല; എം.ടിയെ കുറിച്ച് ഹരിഹരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി വാസുദേവന്‍ നായര്‍ക്കൊപ്പമുള്ള സിനിമാനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സംവിധായകന്‍ ഹരിഹരന്‍. എം.ടിക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ ഒരിക്കലും ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഹരിഹരന്‍ പറഞ്ഞു.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിഹരന്റെ പ്രതികരണം. മലയാളത്തിലെ നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ ഹരിഹരന്‍ 11 ചിത്രങ്ങളിലാണ് എം.ടി വാസുദേവന്‍ നായരോടൊപ്പം പ്രവര്‍ത്തിച്ചത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, കേരള വര്‍മ പഴശ്ശിരാജ തുടങ്ങി ഈ കൂട്ടുക്കെട്ടിലെ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു.

എം.ടിയും താനും തമ്മില്‍ സിനിമയില്‍ മികച്ച കെമിസ്ട്രിയുണ്ടായിരുന്നെന്നും തങ്ങളുടെ വേവ് ലെങ്ത് ഒരുപോലെ ആണെന്നും ഹരിഹരന്‍ പറഞ്ഞു. ‘ചെയ്ത ഒരു സിനിമയില്‍ ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും ഈഗോ പ്രശ്‌നങ്ങളില്ലായിരുന്നു. ഞാന്‍ എം.ടിയുടെ വലിയ ആരാധകനാണ്. ടി ദമോദരനാണ് ഒരുമിച്ച് സിനിമ ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയാണ് ഞാനും എം.ടിയും ഒരുമിച്ച് ചെയ്ത ആദ്യ ചിത്രം.’ ഹരിഹരന്‍ പറഞ്ഞു.

ജനങ്ങളുടെ പള്‍സ് അറിയുന്ന എഴുത്തുകാരനാണ് എം.ടിയെന്നും അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ഒരു മാജിക് ഉണ്ടെന്നും ഹരിഹരന്‍ പറഞ്ഞു. ‘ഞങ്ങള്‍ രണ്ടു പേരും വളര്‍ന്ന സാഹചര്യങ്ങള്‍ ഏകദേശം ഒരുപോലെയായിരുന്നു. പലപ്പോഴും വലിയ സംസാരമൊന്നും കൂടാതെ തന്നെ ഞങ്ങള്‍ക്ക് സിനിമ ചെയ്യാനാകുമായിരുന്നു.’

പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഹരിഹരന്‍. അടുത്ത കാലത്തായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയുടെ ബാനറിലും അല്ലാതെയും പ്രോജക്ടുകള്‍ ചെയ്യാനിരിക്കുകയാണെന്നും ഹരിഹരന്‍ പറഞ്ഞു. ‘ഈ മഹാമാരിയൊന്നും കുറയാനായി കാത്തിരിക്കുകയാണ്. എനിക്ക് ധൃതിയൊന്നുമില്ല. വര്‍ഷങ്ങളോളം സിനിമ ചെയ്യാതിരുന്നാലും എനിക്ക് കുഴപ്പമില്ല. സിനിമ ചെയ്യുന്നതിന് പ്രായമൊരിക്കലും ഒരു തടസ്സമല്ല. താല്‍പര്യവും ആരോഗ്യവും കഠിനാധ്വാനവും ആത്മാര്‍ത്ഥയും പിന്നെ സിനിമയുമുണ്ടായാല്‍ മാത്രം മതി .’ ഹരിഹരന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Hariharan says he had no issues with M T Vasudevan Nair while working in movies

We use cookies to give you the best possible experience. Learn more