'ആ കൂടിക്കാഴ്ചയില്‍ നിന്നാണ് സര്‍ഗത്തിന്റെ തിരക്കഥ മനസ്സില്‍ രൂപപ്പെട്ടത്'; മനസ്സു തുറന്ന് ഹരിഹരന്‍
Malayalam Film
'ആ കൂടിക്കാഴ്ചയില്‍ നിന്നാണ് സര്‍ഗത്തിന്റെ തിരക്കഥ മനസ്സില്‍ രൂപപ്പെട്ടത്'; മനസ്സു തുറന്ന് ഹരിഹരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th March 2021, 12:31 pm

കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ഹരിഹരന്‍.ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ഹരിഹരനെ തേടിയെത്തിയിരുന്നു.

ഇപ്പോഴിതാ താന്‍ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ചിത്രത്തെപ്പറ്റി മനസ്സു തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഹരിഹരന്‍.

സംവിധാനം ചെയ്ത എല്ലാ ചിത്രവും ഇഷ്ടമാണെന്നും എങ്കിലും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രം സര്‍ഗം ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ചിത്രം ഇഷ്ടപ്പെടാനുള്ള കാരണങ്ങളും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ബാല്യകാലസ്മരണകളിലെ പ്രാധാന്യമുള്ള അന്തരീക്ഷമാണ് അതിലെ ബ്രാഹ്മണത്തറവാട്. അതായത് ഇല്ലം. സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്റെ കോവിലകം. ഞാന്‍ മദിരാശിയില്‍ വന്നുപെട്ട് ചലച്ചിത്രസംവിധായകനായ ശേഷം നാട്ടില്‍ വരുമ്പോഴെല്ലാം അമ്മ പറയും ആ ഇല്ലത്ത് അസുഖമായി കിടക്കുന്ന അന്തര്‍ജ്ജനത്തെ (കഥയിലെ കുട്ടന്‍ തമ്പുരാന്റെ അമ്മ) ഒന്നു പോയി കാണണമെന്ന്. അവര്‍ പലപ്പോഴും എന്നെപ്പറ്റി അന്വേഷിക്കാറുണ്ടത്രേ. എനിക്കവരെ പോയി കാണുന്നതില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ടായിരുന്നു. മറ്റൊരു തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു, ഇപ്രാവശ്യം നീ അവരെ കണ്ടിട്ടേ പോകാവൂ. അടുത്ത തവണ നീ വരുമ്പോള്‍ അവര്‍ ഉണ്ടായെന്നു വരില്ല,’ ഹരിഹരന്‍ പറഞ്ഞു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ആ തറവാട്ടില്‍ പോയെന്നും അകത്ത് അവശയായി കിടക്കുന്ന അന്തര്‍ജനത്തെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ആ കൂടിക്കാഴ്ചയില്‍ നിന്നാണ് സര്‍ഗത്തിന്റെ തിരക്കഥ തന്റെ മനസ്സില്‍ രൂപം കൊള്ളുന്നതെന്ന് ഹരിഹരന്‍ പറയുന്നു.

‘സംസ്ഥാനതലത്തില്‍ നല്ല സിനിമയുടെ ഒരു വിഭാഗത്തിലും ‘സര്‍ഗം’ അംഗീകരിക്കപ്പെട്ടില്ലെങ്കിലും ദേശീയതലത്തില്‍ ജനപ്രീതി നേടിയ കലാമൂല്യമള്ള ചിത്രം എന്ന വിഭാഗത്തില്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. കൂടാതെ ഇന്ത്യന്‍ പനോരമ, ജപ്പാന്‍ ഫിലിം ഫെസ്റ്റിവെല്‍, ഫ്രാന്‍സ് പിയാങ്ങ് യോങ്ങ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ‘സര്‍ഗം’ ക്ഷണിക്കപ്പെടുകയും ചില അംഗീകാരങ്ങള്‍ ലഭിക്കുകയുമുണ്ടായി,’ ഹരിഹരന്‍ പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Hariharan About Making Of Sargam