Entertainment
ആദ്യദിനം തന്നെ ആ ചിത്രം കണ്ട മമ്മൂട്ടി എന്നോട് പറഞ്ഞു, 'ഹാറ്റ്സ് ഓഫ് സാർ': ഹരിഹരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 17, 09:24 am
Monday, 17th February 2025, 2:54 pm

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഈയിടെ റീ റിലീസായ സിനിമ തിയേറ്ററിൽ മികച്ച അഭിപ്രയം നേടിയിരുന്നു.

ഒരു വടക്കൻ വീരഗാഥയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഹരിഹരൻ. തിരക്കഥ പൂർത്തിയാക്കിയപ്പോൾ ആദ്യം പാട്ടിന് പറ്റിയ സ്ഥലം ഒന്നുമില്ലായിരുന്നുവെന്നും എന്നാൽ പാട്ടിന് പറ്റിയ ചില സിറ്റുവേഷൻസ് താൻ ഉൾപെടുത്തിയെന്നും ഹരിഹരൻ പറയുന്നു. ചിത്രം റിലീസ് ചെയ്‌തപ്പോൾ സിനിമയ്‌ക്കൊപ്പം ആ പാട്ടുകളും ഹിറ്റായെന്നും സിനിമ ആദ്യ ദിനം തന്നെ കണ്ട മമ്മൂട്ടി പറഞ്ഞത് ഹാറ്റ്‌സ് ഓഫ് എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എം.ടി. തിരക്കഥ പൂർത്തിയാക്കിയപ്പോൾ പാട്ടിന് ഇടം കണ്ടില്ല. പാട്ടില്ലാതെ ഒരുക്കാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. തിരക്കഥ വായിച്ചപ്പോൾ മമ്മൂട്ടിയും അതുതന്നെ പറഞ്ഞു. പാട്ടുവന്നാൽ ചിത്രത്തിന്റെ മുറുക്കം പോകുമോ എന്നാതായിരുന്നു പേടി. എന്നാലും പാട്ടിന് പറ്റിയ ചില സിറ്റുവേഷൻസ് ഞാൻ തിരക്കഥയിൽ മാർക്ക് ചെയ്‌തു.

അങ്ങനെയാണ് കൈതപ്രം, ജയകുമാർ, ബോംബെ രവി ടീം ഒന്നിച്ച ചിത്രത്തിലെ പാട്ടുകൾ ജനിക്കുന്നത്. വരികൾക്കനുസരിച്ചായിരുന്നു ചിത്രത്തിലെ മുഴുവൻ പാട്ടുകൾക്കും ബോംബെ രവി ഈണം കൊടുത്തത്. ചിത്രം റിലീസ് ചെയ്‌തപ്പോൾ സിനിമയ്‌ക്കൊപ്പം ആ പാട്ടുകളും സൂപ്പർഹിറ്റായി ചിത്രം തിയേറ്ററിലെത്തിയ ദിവസം തന്നെ മമ്മൂട്ടി വിളിച്ചു പറഞ്ഞു ‘ഹാറ്റ്സ് ഓഫ് സാർ’.

മമ്മൂട്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ചന്തുവിനെ ഏറ്റെടുത്തു. അതിനുവേണ്ടി ഒരുപാട് ഹോം വർക്കുകൾ ചെയ്‌തു. അദ്ദേഹത്തിൻ്റെ ഡയലോഗ് പ്രസന്റേഷനാണ് എന്നെ വിസ്‌മയിപ്പിച്ചത്. ചിത്രത്തിൻ്റെ ക്ലൈമാക്‌സ് സീനിൽ പറയുന്ന ‘എനിക്ക് പിറക്കാതെ പോയ മകനല്ലേ ഉണ്ണീ നീ’ എന്ന വികാരോജ്ജ്വലമായ വാക്കുകൾ ഇപ്പോഴും കേൾക്കുമ്പോൾ കണ്ണ് നിറയും

കഥാപാത്രത്തിന്റെ ബിൽഡപ്പിനുവേണ്ടി രസകരമായ ധാരാളം ഷോട്ടുകൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. ചെറിയ ചലനങ്ങൾ പോലും താളാത്മകമായിരുന്നു. ഓരോ ഷോട്ടും ഓരോ ഛായാചിത്രങ്ങൾ പോലെയാക്കി. അതിൽ ഒരുപാട് ഹോംവർക്ക് ചെയ്‌തു. എന്നിട്ടും അംഗീകാരങ്ങളുടെ പട്ടികയിൽ സംവിധായകൻ വന്നില്ല,’ഹരിഹരൻ പറയുന്നു.

 

Content Highlight: Director Hariharan About First Day Of Oru Vadakkan Veeragadha Movie