| Tuesday, 7th December 2021, 5:55 pm

ദേവാസുരം മമ്മൂട്ടിയെ നായകനാക്കി ഞാന്‍ സംവിധാനം ചെയ്യേണ്ടതായിരുന്നു, മോഹന്‍ലാലിനെ നായകനാക്കി മാസ് സിനിമ ചെയ്യണം: ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടി ഒഴിവാക്കിയ, എന്നാല്‍ മറ്റു നടന്മാരുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായ സിനിമകളുടെ ഒരു നിര തന്നെയുണ്ട്. രാജാവിന്റെ മകന്‍, ദൃശ്യം, അകലവ്യന്‍, മെമ്മറീസ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് ദേവാസുരം. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ദേവാസുരത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നത്. രഞ്ജിത്ത് തിരക്കഥയൊരുക്കിയിത്രം ഐ.വി ശശിയായിരുന്നു സംവിധാനം ചെയ്തത്.

ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും മമ്മൂട്ടിയെ കാണാന്‍ രഞ്ജിത്തിനൊപ്പം മദ്രാസില്‍ പോയിരുന്നുവെന്നും പറയുകയാണ് സംവിധായകന്‍ ഹരിദാസ്. മാസറ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിദാസ് ദേവാസുരത്തെ പറ്റി പറഞ്ഞത്.

‘ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയതാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് തിരക്കായിരുന്നു. ദേവാസുരം പിന്നീട് മുരളിയെ വെച്ച് ആലോചിച്ചു. അതും നടന്നില്ല,’ ഹരിദാസ് പറയുന്നു.

‘ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പിന്നീടാക്കാം എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ പിന്നീട് ഒന്നിച്ച് സിനിമ ചെയ്‌തെങ്കിലും അത് ഞാന്‍ ചോദിക്കാന്‍ പോയില്ല. പിന്നീട് രഞ്ജിത്ത് വിളിച്ചു മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഞാനപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ദേവാസുരം ഐ.വി ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിങ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുന്നതെന്ന് പറയാനൊന്നും പോയില്ല,’ അദ്ദഹം കൂട്ടിച്ചേര്‍ത്തു.

‘ദേവാസുരം ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശ ഇപ്പോഴുമുണ്ട്. ലാലേട്ടനെ വെച്ച് ഒരു മാസ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ഇപ്പോഴും കഥ കേട്ടുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഒരുപാട് കാത്തിരിപ്പുകളുണ്ടാവും,’ ഹരിദാസ് പറഞ്ഞു.

സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിച്ച ഹരിദാസ് ജോര്‍ജ്ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജുകട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, ഇന്ദ്രപ്രസ്ഥം, കണ്ണൂര്‍, ഊട്ടിപട്ടണം എന്നിവയാണ് സംവിധാനം ചെയ്ത പ്രധാനചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: director haridas about devasuram

We use cookies to give you the best possible experience. Learn more