കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ തെറ്റായി പോയെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത. കങ്കണ വലിയ താരമാണെന്നും മികച്ച അഭിനേതാവാണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹന്‍സല്‍ പറഞ്ഞിരുന്നു. 2017 ല്‍ ഹന്‍സലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിമ്രാന്‍ എന്ന ചിത്രത്തില്‍ കങ്കണ ആയിരുന്നു നായിക.
ചൂതാട്ടത്തിലൂടെ സമ്പാദ്യം മുഴുവന്‍ നഷ്ടമായ സന്ദീപ് കൗറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിമ്രാന്‍ നിര്‍മിച്ചത്.
‘എഡിറ്റിങിലൊന്നും കങ്കണ കൈ കടത്തിയിട്ടില്ല. കാരണം കൈ കടത്താനൊന്നുമില്ലായിരുന്നു. അവര്‍ തന്നെ പറഞ്ഞതിനനുസരിച്ച് ഷൂട്ട് ചെയ്ത സാധനമായിരുന്നു ഞങ്ങളുടെ കയ്യിലുണ്ടായിരുന്നത്. അവര്‍ മികച്ച അഭിനേതാവാണ്. എന്നാല്‍ അവരെ പറ്റി തന്നെ സിനിമകള്‍ എടുത്ത് സ്വയം ചുരുങ്ങുകയാണ്. നിങ്ങള്‍ വിശ്വസിക്കുന്നത് എന്തിലാണോ അതിലേക്ക് എല്ലാ കഥാപാത്രങ്ങളേയും കൊണ്ടുവരണമെന്നില്ല.
അവര്‍ എന്ത് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതിനെ വിമര്‍ശിക്കാന്‍ പോലും ഞാന്‍ ആളല്ല. അവര്‍ ഒരു വലിയ താരമാണ്, ഒപ്പം ഇന്നും വളരെ നല്ല അഭിനേതാവാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സിങ്ക് വര്‍ക്കായില്ല. അവരോടൊപ്പം സിനിമ ചെയ്തത് വലിയ തെറ്റായി പോയി,’ ഹന്‍സല്‍ പറഞ്ഞു.
കങ്കണ നായികയായി ഒടുവില്‍ പുറത്തുവന്ന ചിത്രമായ ധാക്കഡ് വലിയ പരാജയമായിരുന്നു. മെയ് 20 ന് റിലീസ് ചെയ്ത ചിത്രം 100 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. മൂന്നരക്കോടിയോളമാണ് ബോക്സ് ഓഫീസില്‍ നേടാനായത്. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ചിത്രം.
Content Highlight: Director Hansal Mehta says that making a movie with Kangana Ranaut was a big mistake