മുംബൈ: നടി കങ്കണ റണൗത്തിനെ നായികയാക്കി 2017 ല്‍ നിര്‍മ്മിച്ച ബോളിവുഡ് ചിത്രം സിമ്രാനിലെ സെറ്റില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ ഹന്‍സല്‍ മെഹ്ത.
ഈ ചിത്രം ഒരിക്കലും നിര്‍മ്മിക്കാതിരുന്നെങ്കില്‍ എന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്നാണ് ഹന്‍സല്‍ മെഹ്ത പറയുന്നത്. ഒരു പരാജയമായിരുന്ന ഈ ചിത്രം നല്ല രീതിയില്‍ സ്വീകരിക്കപ്പെടേണ്ട സിനിമയായിരുന്നെന്നും എന്നാല്‍ മേക്കിംഗില്‍ പറ്റിയ പാളിച്ചകള്‍ ചിത്രം പരാജയമാക്കിയെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.
ഒപ്പം കങ്കണ സെറ്റില്‍ കാണിച്ച മനോഭാവവും സംവിധായകന്‍ തുറന്നു പറഞ്ഞു.
‘ സത്യസന്ധമായി പറഞ്ഞാല്‍ സെറ്റിനു പുറത്ത് എനിക്ക് കങ്കണയുമായുള്ള സൗഹൃദം ഇഷ്ടമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ടായിരുന്നു,’ ഹന്‍സല്‍ മെഹ്ത പറഞ്ഞു.
എന്നാല്‍ സിനിമാ സെറ്റിനുള്ളില്‍ ഇതിന് നേര്‍വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചതെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.
‘ കാര്യങ്ങള്‍ പൂര്‍ണമായും എന്റെ കൈയ്യില്‍ നിന്നും പോയി. സെറ്റിന്റെ പൂര്‍ണ നിയന്ത്രണം കങ്കണ ഏറ്റെടുക്കുകയും മറ്റു അഭിനേതാക്കളെ ഡയറക്ട് ചെയ്യുകയും ചെയ്തതിനു പുറമെ എനിക്ക് ഒരുപാട് പണവും നഷ്ടപ്പെട്ടു. ചില കാരണങ്ങളാല്‍ സിനിമ കുടുങ്ങിക്കിടന്നപ്പോള്‍ ഞാന്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടു. ഇത് എന്നെ സാമ്പത്തികമായും നിയമപരമായും കുഴപ്പത്തിലാക്കി. ഏതാണ്ട് ഒരു വര്‍ഷത്തോളമായി കോടതിയില്‍ കേസ് നടക്കുന്നു. ഇതില്‍ നിന്നും ഇപ്പോള്‍ ഞാന്‍ പുറത്തുകടന്നിട്ടുണ്ട്. നിങ്ങള്‍ കടന്നു പേകണ്ട കാര്യങ്ങളിലൂടെ കടന്നു പോയേ പറ്റൂ. അത് കഠിനമായിരുന്നു,’ ഹന്‍സല്‍ മെഹ്ത പറഞ്ഞു.
ചിത്രത്തിന്റെ പരാജയം ഒരുവര്‍ഷത്തോളം തന്നെ മാനസികമായി ബാധിക്കുകയും ഇതില്‍നിന്നു പുറത്തുകടക്കാന്‍ ചികിത്സ ആവശ്യമായി വന്നെന്നും ഹന്‍സല്‍ പറഞ്ഞു.
അതേസമയം തനിക്കിപ്പോള്‍ കങ്കണയുമായി യാതൊരു വൈരാഗ്യവുമില്ലെന്നും ഹന്‍സല്‍ മെഹ്ത പറയുന്നു. വിവാദങ്ങള്‍ക്കപ്പുറം കങ്കണ മികച്ചൊരു നടിയാണെന്നും സംവിധായകന്‍ പറഞ്ഞു.
സിമ്രാന്‍ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെയും കങ്കണ വിവാദത്തിലകപ്പെട്ടിരുന്നു. കങ്കണ ചിത്രത്തിന്റെ കഥാഗതി മാറ്റി മറിച്ചെന്നും തിരക്കഥാ രചനയില്‍ ഇടപെടുകയും ചെയ്തതായി സിമ്രാന്റെ തിരക്കഥാകൃത്തായ അപൂര്‍വ്വ അസ്രാണി നേരത്തെ ആരോപിച്ചിരുന്നു.
കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിമ്രാന്‍ ഏറെ പ്രതീക്ഷകളുമായാണ് തിയ്യറ്ററിലെത്തിയിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Hansal mehta about kangana ranaut