| Sunday, 26th February 2023, 8:01 am

'ഇത് മോഷണം, എനിക്ക് മിണ്ടാതിരിക്കാനാവില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആരോപണവുമായി തമിഴ് സംവിധായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം കോപ്പിയെന്ന ആരോപണവുമായി സംവിധായിക ഹലിത ഷമീം. തന്റെ ചിത്രമായ ‘ഏലേ’യുടെ കോപ്പിയാണ് ചിത്രമെന്നാണ് ഹലിത പറയുന്നത്. ചിത്രം കണ്ടപ്പോള്‍ തനിക്ക് മടുപ്പുളവാക്കിയെന്നും ഒരു സിനിമയിലെ എല്ലാം മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹലിത പറഞ്ഞു.

ഏലേയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമം ഒരുക്കിയിരുന്നുവെന്നും അത് തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ കണ്ടതെന്നും ഏലേയിലെ ഐസ്‌ക്രീം നിര്‍മാതാവാണ് ഇവിടെ പാല്‍ക്കാരനായെത്തുന്ന സുന്ദരമെന്നും അവര്‍ പറഞ്ഞു.

അതില്‍ വൃദ്ധന്‍ മോര്‍ച്ചറി വാനിന്റെ പുറകില്‍ ഓടുന്നത് പോലെ, ഇവിടെ മിനി ബസ് ഓടുന്നുവെന്നും പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹലിത ഇക്കാര്യം വ്യക്തമാക്കിയത്.

”എന്റെ ചിത്രത്തിനായി ഒരുക്കിയിരുന്ന ദൃശ്യങ്ങള്‍ മുഴുനീളം കണ്ടപ്പോള്‍ അല്‍പ്പം മടുപ്പുളവാക്കി. എന്റെ സിനിമയില്‍ ചിത്രീകരിച്ച വീടുകള്‍ എല്ലാം ഞാന്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലും കണ്ടു. ഇനിയും കൂടുതല്‍ താരതമ്യപ്പെടുത്താനുണ്ട്.

നിങ്ങള്‍ക്ക് എന്റെ ‘ഏലേ’ എന്ന സിനിമയെ തള്ളികളയാം. പക്ഷേ അതില്‍ നിന്നുള്ള ആശയങ്ങളും സൗന്ദര്യശാസ്ത്രവും പൂര്‍ണമായും കോപ്പിയടിച്ചാല്‍ എനിക്ക് മിണ്ടാതിരിക്കാനാവില്ല. എന്റെ സിനിമ ചിത്രീകരിച്ച ഗ്രാമത്തില്‍ തന്നെ നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരിച്ചതില്‍ സന്തോഷമുണ്ട്,” ഹലിത ഷമീം

തമിഴ് ആന്തോളജി സില്ലു കരുപ്പെട്ടിക്ക് ശേഷം ഹലിത ഷമീം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഏലേ. 2019ലാണ് ചിത്രം പുറത്തിറങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ ഏലേ തിയേറ്റര്‍, ഒടിടി റിലീസുകള്‍ ഒഴിവാക്കി നേരിട്ട് മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതായിരുന്നു.

തമിഴ് താരം സമുദ്രക്കനിയും മണികണ്ഠനുമാണ് ഏലേയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഏലേ, ഒരു ഐസ്‌ക്രീം വില്‍പനക്കാരന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ഹാസ്യവും വൈകാരികവുമായ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഹലിത ഷമീം ചിത്രം ഒരുക്കിയിരുന്നത്. രണ്ട് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണെന്ന പ്രത്യേകതയും ഉണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം 2023 ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം രമ്യ പാണ്ഡ്യന്‍, അശോകന്‍ തുടങ്ങി നിരവധി പേര്‍ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പഴനിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും നടന്നത്

മലയാളം-തമിഴ് ഭാഷയിലുള്ള ഈ ചിത്രം തിയേറ്റര്‍ റിലീസിന് ശേഷം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 2023 ഫെബ്രുവരി 23-ന് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം പ്രദര്‍ശനം തുടങ്ങി.

content highlight: Director Halita Shamim was accused of copying nanpakal nerathu mayakkam

We use cookies to give you the best possible experience. Learn more