കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. ചായക്കട പശ്ചാത്തലമാക്കിയ പോസ്റ്ററിലെ ഒരു വാചകം ചര്‍ച്ചയായിരുന്നു.
‘ഈ ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ്ണ പലഹാരങ്ങളാണോ?’ എന്നായിരുന്നു ഈ വാചകം. ഇത്തരത്തിലൊരു വാചകം പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് ഇപ്പോള്‍.
എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ്. ഏതൊരാളുടെയും രാഷ്ട്രീയം അയാള്‍ ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും കടന്നുവരുമെന്നാണ് അനൂപ് പറയുന്നത്.
‘സ്വന്തം രാഷ്ട്രീയം ഒഴിവാക്കികൊണ്ട് ആര്‍ക്കും ഒരിക്കലും സിനിമ ചെയ്യാനാകില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്റെ രാഷ്ട്രീയം ഈ വാചകത്തില്‍ വ്യക്തമാണ്. സിനിമയിലും അത് കാണാനാകും.
അതേസമയം തന്നെ ഷെഫീക്കിന്റെ സന്തോഷം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. മികച്ച എന്റര്‍ടെയ്‌നറായി തന്നെയാണ് ചിത്രമൊരുക്കുന്നത്,’ അനൂപ് പറഞ്ഞു.
ഗുലുമാല്‍ എന്ന പ്രാങ്ക് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അനൂപിന്റെ ആദ്യ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും കോമഡിക്ക് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നുമാണ് അനൂപ് പറയുന്നത്.
പ്രേക്ഷകര്‍ ഏത് തരത്തിലുള്ള തമാശകളാണ് ആസ്വദിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും അനൂപ് പറയുന്നു. 2019ലാണ് തിരക്കഥയെഴുതാന്‍ ആരംഭിച്ചതെന്നും പിന്നീട് പല തവണയായി മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ദോ ഐസകാണ് ചിത്രത്തിന്റെ ക്യാമറ. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. സെപ്റ്റംബറിലായിരിക്കും ഷെഫീക്കിന്റെ സന്തോഷത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director Gulumal Anup about new movie Shafeeqinte Santhosham starring Unni Mukundan