| Friday, 9th February 2024, 8:54 am

അന്ന് ആ സിനിമ യാദൃശ്ചികമായി കണ്ടു, പിന്നീട് എന്റെ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അതിലെ നായകനെപ്പോലെയായി: ഗിരീഷ് എ.ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകൂട്ടം പുതുമുഖങ്ങളായ കുട്ടികളെ വെച്ച് സിനിമയെടുക്കുകയും അത് ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്കെത്തുകയും ആദ്യസിനിമ തന്നെ വമ്പന്‍ വിജയമാക്കാനും ഗിരീഷിന് സാധിച്ചു. പ്ലസ് ടു കുട്ടികളുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സൂപ്പര്‍ ശരണ്യ എന്ന സിനിമയും സംവിധാനം ചെയ്തു. ശരണ്യ എന്ന പെണ്‍കുട്ടിയുടെ കോളേജ് കാലഘട്ടം കാണിച്ച സിനിമയും വന്‍ വിജയമായിരുന്നു.

ഈ രണ്ട് സിനിമക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍, തന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമയെക്കുറിച്ചും, ഇഷ്ടസംവിധായകനെക്കുറിച്ചും സംവിധായകന്‍ മനസുതുറന്നു. ഏതെങ്കിലും സിനിമ കണ്ടിട്ട് അതുപോലത്തെ സിനിമകള്‍ ചെയ്യണം എന്ന് തോന്നിയിട്ട്, അതുപോലത്തെ സിനിമയാണോ ഇപ്പോള്‍ ഏടുക്കുന്നത്, ഏത് സിനിമയാണ് അങ്ങനെ സ്വാധീനിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് സംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഏറെക്കുറെ അങ്ങനെയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നെ അങ്ങനെ സ്വാധീനിച്ച സംവിധായകനാണ് സെല്‍വരാഘവന്‍. അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും തമ്മില്‍ ബന്ധമില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എങ്ങനെയാണെന്ന് വെച്ചാല്‍, നമ്മള്‍ കാണുന്ന സിനിമയിലെ നായകന് ഒരുപാട് നല്ല ഗുണങ്ങളുണ്ടാകും. സമൂഹം നല്ലതാണെന്ന് പറയപ്പെടുന്ന ഒരുപാട് നല്ല ഗുണങ്ങളില്‍ അയാള്‍ എക്‌സെല്‍ ചെയ്തിട്ടുണ്ടാകും. അവന്‍ ഒരേ സമയം നന്നായി പഠിക്കുന്നവനായിരിക്കും, പാട്ട് പാടും, ഗിറ്റാര്‍ വായിക്കും, സ്‌പോര്‍ട്ട്‌സിലൊക്കെ ക്യാപ്റ്റനായിരിക്കും.

നമ്മള്‍ ഇങ്ങനത്തെ ഒരാളെ ജീവിതത്തില്‍ കണ്ടിട്ടില്ല. നമ്മുടെ കൂട്ടുകാരിലൊക്കെ മിക്കവരും ആവറേജ് ആയിരിക്കും. ചിലര്‍ക്ക് പഠിക്കാന്‍ കഴിവുണ്ടായിരിക്കും, ചിലര്‍ ക്രിക്കറ്റ് കളിക്കുന്ന ആള്‍ക്കാരായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും, എന്താണ് അങ്ങനെയുള്ള ആള്‍ക്കാരെ വെച്ച് സിനിമയെടുക്കാത്തതെന്ന്.

അങ്ങനെ ഞാന്‍ ചിന്തിക്കുന്ന സമയത്താണ് സെല്‍വരാഘവന്റെ സിനിമകള്‍ കാണുന്നത്. അദ്ദേഹത്തിന്റെ സിനിമയിലെ നായകന്മാരൊക്കെ ഹീറോയിക് ക്വാളിറ്റീസ് ഇല്ലാത്തവരായിരിക്കും. അതെന്നെ വല്ലാതെ ഇന്‍സ്പയര്‍ ചെയ്ത കാര്യമായിരുന്നു. കാതല്‍ കൊണ്ടേന്‍ എന്ന സിനിമ ഞാന്‍ കാണുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. ആ സിനിമയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും കാണാന്‍ പറ്റിയിട്ടില്ല.

അന്നൊക്കെ ചാലക്കുടി ഭാഗത്ത് തിയേറ്ററിലൊക്കെ പഴയ സിനിമകള്‍ ഗ്യാപ്പ് കളിക്കും. ഏതെങ്കിലും സിനിമ മാറിപ്പോയാല്‍ പുതിയ സിനിമ വരുന്നത് വരെ പഴയ ഏതെങ്കിലും സിനിമ അവര്‍ കളിപ്പിക്കും. അങ്ങനെ കളിക്കാന്‍ വന്നൊരു പടമാണ് കാതല്‍ കൊണ്ടേന്‍. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് ആ സിനിമക്ക് കേറി. പടം കഴിഞ്ഞിട്ടും അതിലെ പല കാര്യങ്ങളും എന്റെ ഉള്ളില്‍ നിന്ന് പോയില്ല. പിന്നീട് എന്റെ സിനിമകളില്‍ പ്രധാന കഥാപാത്രത്തിന് അതിലെ നായകന്റെ സ്വഭാവം വന്നു’ ഗിരീഷ് പറഞ്ഞു

Content Highlight: Director Gireesh  A D talks about his most influenced film  and director

We use cookies to give you the best possible experience. Learn more