| Wednesday, 26th January 2022, 12:41 pm

ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി. ജോര്‍ജിനെ പോലെയുള്ളവര്‍; ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.സി. ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി.

പി.സി. ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണെന്നും തീര്‍ച്ചയായിട്ടും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ജിയോ ബേബി പറഞ്ഞു. അതുപോലെ തന്നെ ഇത്തരം വൃത്തിക്കേടുകള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ റപ്രസന്റേഷനുമുണ്ട്.

നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി. ജോര്‍ജെന്നും ജിയോ ബേബി ദി ക്യൂവിനോട് പറഞ്ഞു.

ചാനല്‍ ചര്‍ച്ചകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മലയാളപ്പെണ്‍കൂട്ടം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര ചാനലുകളിലെ എഡിറ്റര്‍ മാര്‍ക്ക് അയച്ച കത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു ജിയോ ബേബി.

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി. ജോര്‍ജിന്റെ പ്രസ്താവനേയേയും ജിയോ ബേബി വിമര്‍ശിച്ചു. ‘ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല.

പി.സി. ജോര്‍ജ് പക്ഷേ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. പി.സി. ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി. ജോര്‍ജിനെ പോലെയുള്ളവര്‍.

ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള ത്വര പൊതുസമൂഹത്തിനുണ്ടാകും. ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ റിപ്പോര്‍ട്ട് തുടങ്ങുകയാണ്.

ആ വിഷയത്തില്‍ നമുക്ക് അറിയേണ്ടത് കോടതി എന്ത് പറയുന്നു എന്ന് മാത്രമാണ്. നമ്മളെ കാണിച്ച് നമ്മളെ ശീലിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി.സി. ജോര്‍ജിനെ വേണ്ടിവരും,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Director Jeo Baby Criticise PC George Actress Attack Case

We use cookies to give you the best possible experience. Learn more