മോഹന്‍ലാല്‍, ശിവാജി ഗണേഷന്‍ എന്നിവര്‍ ഒന്നിച്ച് 1995ല്‍ ഷൂട്ടിങ്ങ് ചെയ്ത സിനിമയാണ് സ്വര്‍ണ്ണചാമരം. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങി പതിനഞ്ച് ദിവസത്തിന് ശേഷം മുടങ്ങുകയായിരുന്നു. അന്ന് സ്വര്‍ണ്ണചാമരത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജി. മാര്‍ത്താണ്ഡന്‍. ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് അദ്ദേഹം.
‘മോഹന്‍ലാല്‍ സാറും ശിവാജി ഗണേഷ് സാറും ഉള്‍പ്പെടെയുള്ള ലെജന്റുകള്‍ ഉള്ള സിനിമയായിരുന്നു സ്വര്‍ണ്ണചാമരം. ഏകദേശം പതിനഞ്ച് ദിവസത്തോളമേ അതിന്റെ ഷൂട്ടിങ്ങ് നടന്നുള്ളു. ആ സിനിമ നിര്‍ത്താനുണ്ടായ കാരണമൊന്നും നമുക്ക് ഇന്നും അറിയില്ല.
നമുക്ക് അറിയാത്ത പല കാര്യങ്ങളും സിനിമയില്‍ നടക്കുന്നുണ്ടെന്ന കാര്യം എനിക്ക് മനസിലാകുന്നത് അന്നായിരുന്നു. ഒരു സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് ആ സിനിമയുടെ സംവിധായകന് മാത്രമേ അറിയുകയുള്ളൂ. അന്ന് ആ സിനിമ മുടങ്ങിയപ്പോള്‍ എന്റെ സ്വപ്‌നങ്ങളൊക്കെ പെട്ടിയിലാകുന്ന അവസ്ഥയായി.
പക്ഷെ അന്ന് ഞാന്‍ തളര്‍ന്നില്ല. നേരെ ചെന്നൈയിലേക്ക് പോയി. മിക്ക സംവിധായകരും അവിടെയൊക്കെ തന്നെയാണ് താമസം. അതുകൊണ്ടായിരുന്നു അങ്ങോട്ട് പോയത്. അതല്ലാതെ നമ്മളുടെ കൈയില്‍ അവരുടെ വീടിന്റെ അഡ്രസൊന്നുമില്ലായിരുന്നു. പിന്നെ മെസേജ് അയക്കാന്‍ മൊബൈല്‍ ഫോണുമില്ലല്ലോ.
പതിനഞ്ച് ദിവസം മാത്രമേ ഷൂട്ടിങ്ങ് ഉള്ളുവെങ്കില്‍ പോലും ഒരുപാട് ഓര്‍മകള്‍ നല്‍കിയ സിനിമയായിരുന്നു സ്വര്‍ണ്ണചാമരം. രാവിലെ ഏഴ് മണിയാകുമ്പോള്‍ തന്നെ ശിവാജി സാര്‍ സെറ്റില്‍ വന്നിരിക്കുമായിരുന്നു. വലിയ കൃത്യനിഷ്ഠതയായിരുന്നു അദ്ദേഹത്തിന്.
ശിവാജി സാര്‍, മോഹന്‍ലാല്‍ സാര്‍, നാഗേഷ് സാര്‍, നെടുമുടി വേണു ചേട്ടന്‍ ഉള്‍പ്പെടെയുള്ള ലെജന്റുകളുടെ ഘോഷയാത്രയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയ കീരവാണി ആയിരുന്നു അതിന്റെ മ്യൂസിക് ഡയറക്ടര്‍. എല്ലാം വലിയ ആളുകളായിരുന്നു.
നമ്മള്‍ ഏത് ലോകത്താണ് നില്‍ക്കുന്നതെന്ന് നമുക്ക് തന്നെ അറിയാത്ത അവസ്ഥയായിരുന്നു. പതിനഞ്ച് ദിവസം കഴിഞ്ഞ് ആ സിനിമ നിന്നു പോയപ്പോള്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. അന്ന് ആളുകള്‍ പറഞ്ഞത് ഞാന്‍ എവിടെയോ ടൂറ് പോയി വന്നതാണ് എന്നായിരുന്നു. അന്ന് യൂട്യൂബൊന്നും തന്നെ ഇല്ലായിരുന്നു.
അവരെ കാണിക്കാന്‍ നമ്മള്‍ ചെയ്തതിന്റെ തെളിവുകളുമില്ല. പിന്നെ സിനിമ വീക്കിലിയില്‍ ഫോട്ടോ വന്നാല്‍ മാത്രമേ അത് പുറത്ത് അറിയുകയുള്ളൂ. ഏതോ ഒരു വീക്കിലിയില്‍ വന്നെങ്കിലും അതില്‍ എന്റെ മുഖം ക്ലിയറായിരുന്നില്ല.
സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഫോട്ടോ എടുത്തു തരാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറിനോട് ഞാന്‍ പറഞ്ഞിരുന്നു. അന്ന് അയാള്‍ക്ക് ഒടുക്കത്തെ ജാഡയായിരുന്നു. അദ്ദേഹം എന്നെ അവിടുന്ന് ഓടിച്ചു വിട്ടു. നാട്ടില്‍ വന്ന് സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ആ പടം വന്നാല്‍ അല്ലേ അതില്‍ എന്റെ പേര് വരികയുള്ളു.
ആളുകള്‍ എന്നോട് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അന്ന് ഒരുപാട് വിഷമമായി. ഒരുപക്ഷെ ആ വിഷമമാകും എനിക്ക് പിന്നീട് സിനിമയെടുക്കാനുള്ള വാശിയുണ്ടാക്കിയത്. മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയുമൊക്കെ സിനിമകളില്‍ പിന്നെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു,’ ജി. മാര്‍ത്താണ്ഡന്‍ പറഞ്ഞു.
Content Highlight: Director G Marthandan Talks About Swarnachamaram