| Tuesday, 25th June 2024, 11:11 pm

മോഹന്‍ലാലിന്റെ കൂടെയുള്ള വേറെ നല്ല ഫോട്ടോയൊന്നുമില്ലേ എന്ന് എപ്പോഴും ആളുകള്‍ ചോദിക്കും, പക്ഷേ ലാലേട്ടന്‍ കാണിച്ച കുസൃതിയാണ് ആ ഫോട്ടോ: ജി.മാര്‍ത്താണ്ഡന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമലേക്കെത്തിയ ആളാണ് ജി. മാര്‍ത്താണ്ഡന്‍. മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. മോഹന്‍ലാലിന്റെ പിറന്നാളിന് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെപ്പറ്റി സംസാരിക്കുകയാണ് മാര്‍ത്താണ്ഡന്‍.

ഒരേ സമയം ബിഗ് ബിയുടെയും, ചോട്ടാ മുംബൈയുടെയും അസോസിയേറ്റായി താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ചോട്ടാ മുംബൈയുടെ ഷൂട്ടിന്റെ സമയത്ത് മോഹന്‍ലാലുമൊത്ത് ഫോട്ടോയെടുക്കാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അതൊന്നും നടന്നില്ലെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. ഷൂട്ട് തീരാന്‍ ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ എങ്ങനെയെങ്കിലും മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ തീരുമാനിച്ചെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു.

ചെട്ടിക്കുളങ്ങര എന്ന പാട്ട് ഷൂട്ട് ചെയ്യുന്നതിനിടക്ക് മോഹന്‍ലാലിനെ ഫ്രീയായി കിട്ടിയെന്നും ആ സമയത്ത് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. എന്നാല്‍ ഫോട്ടോ എടുക്കാന്‍ നേരത്ത് താന്‍ ഇട്ട മാസ്‌ക് അദ്ദേഹം ഊരിയെടുത്ത് തന്റെ കൈയില്‍ പ്ലാസ്റ്റര്‍ പോലെ ചുറ്റിയെന്നും എല്ലാവരും വിചാരിക്കുന്നത് തന്റെ കൈയൊടിഞ്ഞതാണെന്നും മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ ഇക്കാര്യം പറഞ്ഞത്.

‘ചോട്ടാ മുംബൈയും ബിഗ് ബിയും ഒരേ സമയത്താണ് ഷൂട്ട് നടന്നത്. രണ്ട് സിനിമയും കൊച്ചിയിലായിരുന്നു ഷൂട്ട് ചെയ്തത്. ആ രണ്ട് സിനിമയിലും ഞാന്‍ അസോസിയേറ്റായിരുന്നു. ചോട്ടാ മുംബൈയുടെ ഷൂട്ടിന്റെ സമയത്ത് എങ്ങനെയെങ്കിലും ലാലേട്ടന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം തോന്നി. ഒരുപാട് തവണ അതിന് ശ്രമിച്ചു. പക്ഷേ നടന്നില്ല. ഷൂട്ട് തീരാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ എങ്ങനെയെങ്കിലും ഫോട്ടോയെടുത്തേ മതിയാവൂ എന്ന് തീരുമാനിച്ചു.

ചെട്ടികുളങ്ങര എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയം, ബ്രേക്ക് ആയപ്പോള്‍ ഞാന്‍ മെല്ലെ ലാലേട്ടന്റെയടുത്ത് ചെന്നിട്ട് ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. പു്ള്ളി സമ്മതിച്ചു. ഞാനാണെങ്കില്‍ മാസ്‌ക് ഇട്ടിട്ടുണ്ടെന്നുള്ള കാര്യം മറന്നുപോയി. ലാലേട്ടന്‍ ഇത് കണ്ടിട്ട് ആ മാസ്‌ക് ഊരിയിട്ട് എന്റെ കൈയില്‍ പ്ലാസ്റ്റര്‍ പോലെ ഇടീച്ചു. ആ ഫോട്ടോ കാണുന്നവര്‍ വിചാരിക്കുന്നത് എന്റെ കൈ ഒടിഞ്ഞപ്പോളെടുത്ത ഫോട്ടോയാണെന്നാണ്. വേറെ നല്ല ഫോട്ടോയൊന്നും ഇല്ലേ എന്ന് പലരും ചോദിക്കും. പക്ഷേ എനിക്ക് ആ ഫോട്ടോ നല്ലൊരു ഓര്‍മയാണ്,’ മാര്‍ത്താണ്ഡന്‍ പറഞ്ഞു.

Content Highlight: Director G Marthandan about the photo with Mohanlal

We use cookies to give you the best possible experience. Learn more