|

അന്ന് മോഹന്‍ലാലിന് ഒട്ടും വില്ലത്തരമില്ലാത്ത ഹീറോയുടെ ഒപ്പത്തിനൊപ്പമുള്ള കഥാപാത്രം കൊടുക്കാന്‍ കാരണമുണ്ടായിരുന്നു: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടനാണ് മോഹന്‍ലാല്‍. 1980ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ഫാസില്‍ മോഹന്‍ലാലിനെ ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവരുന്നത്. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് ഫാസില്‍.

തന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആദ്യ ഇന്റര്‍വ്യൂവില്‍ തന്നെ മോഹന്‍ലാല്‍ കാഴ്ചവെച്ചതെന്നും ഒരാള്‍ക്ക് ഇത്ര ഭംഗിയായി ചെയ്യാനാകുമോയെന്ന് അന്ന് തനിക്ക് തോന്നിയിരുന്നെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ടായിരുന്നു മോഹന്‍ലാല്‍ വില്ലനായി ഒരുപാട് സിനിമകള്‍ ചെയ്യുന്ന സമയത്ത് തന്നെ ഒട്ടും വില്ലത്തരമില്ലാത്ത, ഹീറോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ താന്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തതെന്നും ഫാസില്‍ പറഞ്ഞു.

‘എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആദ്യ ഇന്റര്‍വ്യൂവില്‍ തന്നെ മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ലാലിന്റെ ആദ്യത്തെ ഇന്റര്‍വ്യു ചെയ്ത് കഴിയുമ്പോള്‍ ഒരാള്‍ക്ക് ഇത്ര ഭംഗിയായി ചെയ്യാന്‍ ആകുമോയെന്ന് എനിക്ക് തോന്നി.

അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ വില്ലനായി തുരുതുരെ പടങ്ങള്‍ ചെയ്യുന്ന സമയത്ത് ഒട്ടും വില്ലത്തരം ഇല്ലാത്ത, ഹീറോയ്ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഞാന്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയേക്കാള്‍ ഏറെ ഓടിയ ഒരു സിനിമയായിരുന്നു എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. ജനങ്ങള്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു അത്. ആ സിനിമ മലയാളത്തിലെ ഓരോ വീട്ടിലും മോഹന്‍ലാലിനെ എത്തിച്ചു,’ ഫാസില്‍ പറയുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്:

ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1983ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. നവോദയ സ്റ്റുഡിയോയ്ക്ക് കീഴില്‍ നവോദയ അപ്പച്ചന്‍ നിര്‍മിച്ച ഈ സിനിമയില്‍ ഭരത് ഗോപി, മോഹന്‍ലാല്‍, ശാലിനി, പൂര്‍ണിമ ജയറാം, സംഗീതാ നായിക് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

ഇന്‍ഡസ്ട്രി ഹിറ്റായ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ (ഭരത് ഗോപി), മികച്ച ബാലതാരം (ശാലിനി) എന്നിങ്ങനെ നാല് സ്റ്റേറ്റ് അവാര്‍ഡുകളും ഈ സിനിമ നേടിയിരുന്നു.

Content Highlight: Director Fazil Talks About Mohanlal And Ente Mamattikkuttiyammakku Movie