Entertainment
അന്ന് ഫഹദിന്റെ ആ വീഡിയോ മമ്മൂട്ടിക്കും മോഹന്‍ലാലിനും കാണിച്ചു; എന്റെ മകനായത് കൊണ്ടായിരുന്നില്ല: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 08:03 am
Thursday, 13th March 2025, 1:33 pm

ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. കയ്യെത്തും ദൂരത്ത് (2002) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യ സിനിമയിലൂടെ തന്നെ ഫഹദ് ഒരുപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നീട് പ്രേക്ഷകര്‍ കണ്ടത് അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. ഇന്ന് മലയാളത്തെ പോലെ തന്നെ അന്യഭാഷയിലും തിരക്കുള്ള നടനാണ് ഫഹദ്.

ഇപ്പോള്‍ ഫഹദിനെ കുറിച്ച് പറയുകയാണ് സംവിധായകനും അദ്ദേഹത്തിന്റെ പിതാവുമായ ഫാസില്‍. ഫഹദിനെ തന്റെ സിനിമയില്‍ അഭിനയിപ്പിച്ചത് മകനായത് കൊണ്ട് മാത്രമല്ലെന്നും മറിച്ച് ഫഹദിന്റെ കഴിവ് കണ്ടിട്ടാണെന്നുമാണ് അദ്ദേഹം പറയുന്നത്. കയ്യെത്തും ദൂരത്ത് എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത് ഫാസിലായിരുന്നു.

ഫഹദിനെ താന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നെന്നും അതിന്റെ വീഡിയോ താന്‍ അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ കാണിച്ചിട്ടുണ്ടെന്നും ഫാസില്‍ പറയുന്നു. അവന്‍ തിരിച്ചു വന്നിരിക്കുമെന്ന് താന്‍ അന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനാണ് പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാന്‍ ആലോചിച്ചത്. എന്റെ വീട്ടിലാണ് അവര്‍ ആദ്യം ഇന്റര്‍വ്യൂവിനായി വന്നത്. പക്ഷേ ആ സിനിമ എഴുതാന്‍ കഴിഞ്ഞില്ല. നയന്‍താരയെയും ആദ്യം വിളിച്ചത് ഞാനാണ്.

ഫഹദിന്റെ നായികയാക്കാന്‍ പ്രിയാമണിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. പിന്നെ ഫഹദ് അഭിനയിച്ചത് എന്റെ മകനായത് കൊണ്ടല്ല. കഴിവ് കണ്ടിട്ടാണ്. അവനെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതിന്റെ വീഡിയോ ഞാന്‍ അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ കാണിച്ചിട്ടുമുണ്ട്.

അവന്‍ തിരിച്ചു വന്നിരിക്കുമെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. അതുപോലെ ഞാന്‍ പുതുമക്കായി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആരും ചിന്തിക്കാത്ത സമയത്താണ് നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന നായികാ പ്രാധാന്യമുള്ള പടം ഞാന്‍ എടുക്കുന്നത്,’ ഫാസില്‍ പറഞ്ഞു.

Content Highlight: Director Fazil Talks About Fahadh Faasil