| Thursday, 28th July 2022, 12:53 pm

പാക്കപ്പായിട്ടും അരയന്‍ ചെല്ലപ്പന്റെ വേഷം അഴിക്കാന്‍ ഇന്നസെന്റ് കൂട്ടാക്കിയില്ല; കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിച്ചു: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്ത സംവിധായകനാണ് ഫാസില്‍. ഫാസിലിന്റെ സിനിമയിലൂടെ താരനിരയിലേക്ക് നടന്ന് കയറിയവര്‍ ഒരുപാടാണ്.

ഫാസിലിന്റെ സിനിമയിലൂടെ മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിരവധി കലാകാരന്മാരുണ്ട്. അത്തരത്തില്‍ തന്നെ പല ഘട്ടത്തിലും അത്ഭുതപ്പെടുത്തിയ അനുഗ്രഹീതരായ മലയാളത്തിലെ ചില താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫാസില്‍.

‘ചില ഭയങ്ങള്‍ എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും ഉണ്ടാകും. നെടുമുടി വേണുമായി ബന്ധപ്പെട്ടുള്ള ഒരു അനുഭവം പറയാം. സുന്ദരകില്ലാഡി എന്ന ഞാന്‍ പ്രൊഡ്യൂസ് ചെയ്ത പടം. ചിത്രത്തില്‍ ഒരു പ്രത്യേക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ലൊക്കേഷനിലെത്തി മൂന്ന് ദിവസമായിട്ടും ആ കഥാപാത്രത്തിലേക്ക് എത്താന്‍ വേണുവിന് ആകുന്നില്ല.

അദ്ദേഹം മേക്കപ്പെല്ലാം ഇട്ട് വരും. എന്നാല്‍ കഥാപാത്രമാകാന്‍ മനസിന് കൂടി തോന്നണം. അങ്ങനെ കഥാപാത്രമാകാന്‍ വേണു ദിവസങ്ങളെടുത്തു. പറയുമ്പോള്‍ എത്രയോ എക്‌സ്പീരിയന്‍സുള്ള നടനാണ് അദ്ദേഹം.

അതേപോലെ എനിക്ക് വളരെ അപ്രീസിയേഷന്‍ തോന്നിയ മറ്റൊരു സംഭവമുണ്ട്. അനിയത്തിപ്രാവില്‍ അരയന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. നീല ജുബ്ബയൊക്കെ ഇട്ടാണ് ഇന്നസെന്റ് നടക്കുന്നത്. അങ്ങനെ ഒരു ദിവസം അദ്ദേഹം ലൊക്കേഷനില്‍ എത്തി സീനൊക്കെ എടുത്ത് കഴിഞ്ഞ് പാക്കപ്പായി.

പക്ഷേ പാക്കപ്പായിട്ടും അദ്ദേഹം ഡ്രസ് അഴിക്കുന്നുമില്ല ലൊക്കേഷന്‍ വിട്ട് പോകുന്നുമില്ല. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാര്യം ചോദിച്ചു. എന്താണ് പോകാത്തത്, പാക്കപ്പായി രണ്ട് മണിക്കൂര്‍ കഴിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു എന്നായിരുന്നു മറുപടി. എനിക്ക് ഈ കഥാപാത്രമായി തന്നെ നില്‍ക്കാനാണ് തോന്നുന്നത് എന്ന് പറഞ്ഞു.

അത് ചില ആര്‍ടിസ്റ്റുകള്‍ക്ക് വരുന്ന സംഭവമാണ്. നേരത്തെ പറഞ്ഞപോലെ നെടുമുടി വേണുവിന് ഹരികൃഷ്ണന്‍സ് ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഡയലോഗ് വരുന്നില്ല. പിന്നീട് അതിനെ ഓവര്‍ കം ചെയ്ത് അദ്ദേഹം ഡബ്ബ് ചെയ്തു.

അതുപോലെ മലയന്‍കുഞ്ഞിന്റെ ഡബ്ബ് ചെയ്യാന്‍ ഫഹദിന് പേടിയായിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും ഡബ്ബിങ്ങിനായി ഫഹദ് വന്നിരുന്നില്ല. അത് നീണ്ട ഡയലോഗ് ആയിട്ടൊന്നുമല്ല. ചെറിയ ചില വിളികളാണ്. അത് കറക്ട് ഡോസില്‍ ചെയ്തില്ലെങ്കില്‍ നന്നാവില്ലെന്ന് ഫഹദിലെ ആര്‍ടിസ്റ്റിന് അറിയാം. അതുകൊണ്ട് ഒരുപാട് സമയമെടുത്തിട്ടാണ് അവന്‍ ചെയ്തത്, ഫാസില്‍ പറഞ്ഞു.

Content Highlight: Director Fazil share an experiance with Innocent and nedumudi venu and Fahadh

We use cookies to give you the best possible experience. Learn more