| Tuesday, 25th July 2023, 4:32 pm

'പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാന്‍ നേരമുള്ളൂ; മോഹന്‍ലാല്‍ പരിഭവം പറഞ്ഞു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും മമ്മൂട്ടിയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഫാസിലിന്റെ ഹരികൃഷ്ണന്‍സ് തന്നെയാണ്. ചിത്രം റിലീസ് ചെയ്തിട്ട് ഈ സെപ്റ്റംബറില്‍ 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫാസില്‍. ഹരികൃഷ്ണന്‍സിനായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒന്നിപ്പിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്നും എന്നാല്‍ സെറ്റില്‍ വെച്ച് മോഹന്‍ലാലിന് ഒരു പരാതിയുണ്ടായെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

‘മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിക്കാന്‍ ഒരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല. അവര്‍ക്ക് എന്നോടൊരു സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ ആയിരുന്നില്ല. കുടുംബ സുഹൃത്തുക്കളായിരുന്നു. എനിക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും അടുപ്പം ഉള്ളതുപോലെ തന്നെ എന്റെ ഭാര്യക്ക് മമ്മൂട്ടിയുടെ ഭാര്യയോടും മോഹന്‍ലാലിന്റെ ഭാര്യയോടും അടുപ്പമുണ്ട്.

ഹരികൃഷ്ണന്‍സിന്റെ സ്വിച്ച് ഓണ്‍ ഊട്ടിയില്‍ നടക്കുമ്പോള്‍ ഞാനും ഭാര്യ റോസിയും മമ്മൂട്ടിയും ഭാര്യ സുലുവും മോഹന്‍ലാലും ഭാര്യ സുജിയും അവിടെയുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്. അങ്ങനെയൊരു കുടുംബ സൗഹൃദം ഉള്ള കാലത്താണ് ഈ പടത്തിന്റെ ഷൂട്ടിങ്. അപ്പോള്‍ സെറ്റിലും അതൊരു കുടുംബ ചിത്രം പോലെ രസകരമായി അങ്ങ് പോയി.

അന്ന് ഒരിക്കല്‍ മാത്രം മോഹന്‍ലാലിന്റെ ഭാഗത്തുനിന്നൊരു പരിഭവം ഉണ്ടായിട്ടുണ്ട്. അതു വേറൊന്നുമല്ല, ഒന്ന് രണ്ട് സീനുകളില്‍ മമ്മൂട്ടിയുടെ കോസ്റ്റ്യൂം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഷര്‍ട്ട് ശരിയായില്ലല്ലോ, വേറെ നോക്ക് എന്ന് രണ്ടുമൂന്നു പ്രാവശ്യം ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു.

പിറ്റേ ദിവസവും അത് ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ മോഹന്‍ലാല്‍ അവിടെ ഇരുന്നു പറയുകയാണ്, പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാന്‍ നേരമുള്ളൂ, എന്റെ കാര്യമൊന്നും നോക്കുന്നില്ലല്ലോ’ എന്ന്. അങ്ങനെയൊരു വര്‍ത്തമാനം വന്നതല്ലാതെ വേറൊന്നും അന്ന് സംഭവിച്ചിട്ടില്ല,’ ഫാസില്‍ പറഞ്ഞു.

Content Highlight: director Fazil said that Mohanlal had a complaint on the set of harikrishnans

We use cookies to give you the best possible experience. Learn more