മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ: മോഹൻലാലിന്റെ ചോദ്യത്തിന് പാച്ചിക്കയുടെ മറുപടി
Film News
മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ: മോഹൻലാലിന്റെ ചോദ്യത്തിന് പാച്ചിക്കയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 11:15 am

മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ഫാസിൽ. ക്ലാസ്സിക്കായിപ്പോയ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നത് ശരിയല്ലെന്നായിരുന്നു ഫാസിലിന്റെ മറുപടി.
മഴവിൽ മനോരമയുടെ അവാർഡ് വേദിയിൽ ശോഭനയുടെയും മോഹൻലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ഫാസിലിന്റെ മറുപടി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഫാസിൽ ഓക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ മോഹൽലാൽ എന്ന നടൻ ഉണ്ടാവില്ലായിരുന്നു എന്ന് പറഞ്ഞാണ് ലാൽ സംസാരം തുടങ്ങിയത്.

‘1980ലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആവുന്നത്. നാല്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ ആലപ്പുഴയിൽ ഈ സിനിമയുടെ ഓഡിഷന്(അന്ന് ഈ ഓഡിഷൻ എന്നുള്ള പേരൊന്നും അറിയില്ല) ചെന്നു. അവർ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് തിരിച്ച് പോയി. സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ച ഒരാളല്ല ഞാൻ. അന്ന് പാച്ചിക്ക ഓക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ഈ സ്റ്റേജിൽ നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാൻ മോഹൻലാൽ എന്നൊരാൾ ഉണ്ടാകില്ലായിരുന്നു. അതിൽ ഒരുപാട് സന്തോഷം, ഒരുപാട് ബഹുമാനം, ഒരുപാട് പ്രാർത്ഥന,’ മോഹൻലാൽ പറഞ്ഞു.

 

തുടർന്നായിരുന്നു മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകുമോ എന്ന് വേദിയിൽ വെച്ച് മോഹൻലാൽ സംവിധായകൻ ഫാസിലിനോട് ചോദിച്ചത്.

‘ഒരു കാര്യം കൂടി ചോദിക്കാനുണ്ട് അതിപ്പോഴേ ചോദിച്ചേക്കാം. ഞാനും ശോഭനയും കൂടി ഇവിടെ നിന്നപ്പോൾ ഞാൻ പറഞ്ഞു നാഗവല്ലിയും ഡോക്ടർ സണ്ണിയും മുപ്പത് വർഷങ്ങൾക്ക് ശേഷവും ഇവിടെ നിൽക്കുന്നു എന്ന്. പാച്ചിക്ക, ഒരുപാട് പേർ ചോദിക്കുന്നു ഈ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്. ശോഭനയും ചോദിച്ചു,’എന്നാണ് മോഹൻലാൽ പറഞ്ഞത്.

ക്ലാസ്സിക്കായിപ്പോയ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഇതിന് ഫാസിലിന്റെ മറുപടി.

‘അത് ഞാൻ അറിയാതെ ക്ലാസ്സിക്കായിപ്പോയ ഒരു പടമാണ്. ക്ലാസ്സിക്കായിപോയ പടം രണ്ടാമത് ഉണ്ടാക്കുന്നത് ശരിയല്ല. ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെച്ചിട്ട് ഒരു മുപ്പത് വയസ്സ് കുറച്ചിട്ട് നമുക്ക് എപ്പോഴെങ്കിലും ചെയ്യാം, ഏതെങ്കിലും വിധത്തിൽ,’ഫാസിൽ മറുപടി പറഞ്ഞു.

1980ൽ ഫാസിൽ പുതുമുഖങ്ങളെ തേടുന്നത് താൻ കണ്ടില്ലെന്നായിരുന്നു ഇതേ വേദിയിൽ തമാശ രൂപേണ മമ്മൂട്ടി പറഞ്ഞത്. അത് കണ്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാൻ സാധിക്കുന്നില്ലെന്നും താരം പറഞ്ഞു.

‘1980ൽ ഫാസിൽ പുതുമുഖങ്ങളെ തേടുന്ന പരസ്യം ഞാൻ കണ്ടില്ല (ചിരി). കണ്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. കണ്ടില്ലെങ്കിലും പിന്നീട് ഫാസിലിന്റെ സിനിമകളിൽ അഭിനയിക്കാനും ഫാസിലുമായിട്ടുള്ള സൗഹൃദം അനുഭവിക്കാനും സാധിച്ച ഒരാളാണ് ഞാൻ. ഫാസിലിന്റെ ആദ്യ സിനിമ, ഫാസിൽ എന്നെ നായകനാക്കിയ സിനിമകൾ എല്ലാം വലിയ വിജയങ്ങൾ തന്നെയായിരുന്നു സമ്മാനിച്ചത്. എനിക്ക് ചേരുന്ന, എന്നെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന വേഷങ്ങളിൽ അവതരിപ്പിക്കാനാണ് ഫാസിൽ ശ്രമിച്ചത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Director Fazil responded to Mohanlal’s question whether there will be a second part of Manichitrathazhin