| Friday, 4th December 2020, 1:03 pm

ലേഡീസ് കുടപിടിച്ചായിരുന്നു ലാലിന്റെ ആ വരവ്, സ്‌ത്രൈണ ഭാവമുള്ള ബാല്യവും കൗമാരവും കൈവിടാത്ത മുഖം: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980 ഡിസംബര്‍ മാസത്തിലാണ് ഫാസിലിന്റെ സംവിധാനത്തില്‍ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ആവുന്നത്. നവാഗതരെ മാത്രം അണിനിരത്തിക്കൊണ്ട് ഒരുക്കിയ ചിത്രം മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു.

മലയാള സിനിമയ്ക്ക് ഒരു പുതിയ ഭാവം പകര്‍ന്ന ചിത്രം അന്ന് സൂപ്പര്‍ ഹിറ്റായിമാറി. ഇതിനൊപ്പം മോഹന്‍ലാല്‍ നടനെ കൂടി മലയാള സിനിമയ്ക്ക് സമ്മാനിക്കുകയായിരുന്നു ഫാസില്‍.

വില്ലനായി മലയാളത്തില്‍ എത്തിയ ലാലിനെ മഞ്ഞില്‍വിരിഞ്ഞപൂവിലേക്ക് തെരഞ്ഞെടുത്തതിനെ പറ്റി പറയുകയാണ് ഫാസില്‍. കഥ എഴുതുമ്പോള്‍ തന്നെ നരേന്ദ്രന്‍ എന്ന വില്ലനാണ് തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന്‍ മനസില്‍ പറഞ്ഞിരുന്നെന്നുമാണ് ഫാസില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ ഞങ്ങള്‍ അഞ്ച് പേരാണ് അന്ന് ഡയരക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന്‍ ജോസും നവോദയയിലെ അമാനും മഞ്ഞില്‍വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകനായിരുന്ന സിബി മലയിലുമായിരുന്നു അത്. അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന്‍ കെ.പി ഉമ്മറായിരുന്നു. വില്ലനെ കുറിച്ച് ജിജോയോട് സംസാരിച്ചപ്പോള്‍ വെറുതെ ഞാന്‍ പറഞ്ഞു, നമ്മുടെ വില്ലന്‍ സ്‌ത്രൈണ സ്വഭാവമള്ള വില്ലനായാല്‍ നന്നായിരിക്കുമെന്ന്.

ചുമ്മാതെ പറഞ്ഞതാണെങ്കിലും അത് ഞങ്ങളുടെ രണ്ടുപേരുടേയും മനസില്‍ കിടന്നു. അപ്പോഴാണ് ഒരു നിമിത്തം പോലെ മോഹന്‍ലാല്‍ കയറിവരുന്നത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്. എനിക്കും ജിജോയ്ക്കും അത്തരത്തിലൊരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്‌ത്രൈണ സ്വഭാവമുള്ള വില്ലന്റെ ഓര്‍മ്മ അപ്പോള്‍ ഉയര്‍ന്നു. അതുകൊണ്ടാവും ഞാനും ജിജോയും നൂറില്‍ 90 ന് മുകളില്‍ മാര്‍ക്കിട്ടത്. ഇതറിയാത്തതുകൊണ്ടാവാം സിബിയും അമാനുമൊക്കെ നൂറില്‍ മൂന്നും നാലും മാര്‍ക്കിട്ടതും’, ഫാസില്‍ പറഞ്ഞു.

മോഹന്‍ലാല്‍ ഇന്റര്‍വ്യൂന് വരും മുന്‍പെ ശങ്കറിനെ ഏറെക്കുറെ നായകനായി ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റര്‍വ്യൂ ആയിരുന്നു. അപ്പോഴാണ് മോഹന്‍ലാല്‍ വരുന്നത്. ഇപ്പോള്‍ അത് തിരിച്ചായേനെയെന്ന് ചോദിച്ചാല്‍ അത് മിസ് കാസ്റ്റ് ആയിരിക്കുമെന്നേ പറയാനാവുകയുള്ളൂ.

അന്ന് ലാലിന് ഒരു ചോക്ലേറ്റ് മുഖമില്ലായിരുന്നു. സ്‌ത്രൈണ ഭാവമുള്ള കൗമാരവും ബാല്യവും കൈവിടാത്ത ഒരുകൂട്ടായിരുന്നു അന്ന് മോഹന്‍ലാലിന്റെ മുഖം. നരേന്ദ്രനായിട്ടു തന്നെയാണ് ലാലിനെ ഇന്റര്‍വ്യൂ ചെയ്തത്. വളരെ ലൈറ്റായിട്ട് തന്നെയാണ് ലാല്‍ അത് ചെയ്തത്.

മോഹന്‍ലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു ക്യാരക്ടര്‍ ഉണ്ടാവുമ്പോള്‍ അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതുപോലെ ലാല്‍ വരുമ്പോള്‍ നരേന്ദ്രന്‍ എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു’, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Fazil Remember Mohanlal Role Manhilvirinha poovu

We use cookies to give you the best possible experience. Learn more