| Wednesday, 12th May 2021, 1:04 pm

21 ദിവസം ലാലിന് സെറ്റില്‍ വെറുതെ നോക്കി നില്‍ക്കേണ്ടി വന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ മോഹന്‍ലാല്‍ അഭിനയിക്കാനായി തിരുവനന്തപുരത്തു നിന്ന് വന്ന് യൂണിറ്റിലുണ്ടായിരുന്നെന്നും ഓര്‍ഡറില്‍ എടുക്കുന്നതിനാല്‍ ആദ്യത്തെ ദിവസമോ, രണ്ടാമത്തെ ദിവസമോ, മൂന്നാമത്തെ ദിവസമോ, നാലാമത്തെ ദിവസമോ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.

അത്രയും ദിവസം ലാല്‍ ഷൂട്ടിങ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.

ഒരുപക്ഷേ ആദ്യ ദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.

ക്യാമറയിലൂടെ മോഹന്‍ലാലിന്റെ അഭിനയം കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ ഇന്നെങ്ങനെ ചെയ്യുന്നോ അതില്‍ നിന്ന് ഒരു അണുവിട മാറാതെ അന്നും ചെയ്തുവെന്നായിരുന്നു ഫാസിലിന്റെ മറുപടി.

ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തുകൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Fazil Remember Manjilvirinja poovu Shooting and Mohanlal Performance

We use cookies to give you the best possible experience. Learn more