മലയാള സിനിമയില്‍ ഇന്ന് ഏറെ പ്രതീക്ഷയുള്ള നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ചെയ്തുവെച്ച കഥാപാത്രങ്ങളെയെല്ലാം വേറൊരു റേഞ്ചിലെത്തിക്കാനുള്ള ഫഹദിന്റെ കഴിവ് അപാരമാണ്.
മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച അഭിനയ പ്രതിഭയായിട്ടാണ് പലരും ഫഹദിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ ഒരു ലെവലിലെത്താന്‍ ഫഹദൊക്കെ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരുമെന്ന് പറയുകയാണ് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍. അതിന് ഒരു കാരണമുണ്ടെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.
മോഹന്‍ലാലായാലും മമ്മൂട്ടിയായാലും ബ്ലെസ്ഡ് ആര്‍ടിസ്റ്റുകളാണ്. അവരുടെയൊക്കെ റേഞ്ചില്‍ എത്താന്‍ ഫഹദിനൊക്കെ വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. അതിന് പ്രധാന കാരണം എന്ന് പറയുന്നത് എഴുത്തുകാരുടെ അഭാവമാണ്. അത് ശക്തമായിട്ട് ഈ പുതിയ തലമുറയിലുള്ള നടന്മാര്‍ അറിയുന്നുണ്ട്. വളരെ സൂക്ഷിച്ച് സെല്‍ഫ് സ്റ്റാന്റേര്‍ഡ് കീപ്പ് ചെയ്ത് പോകുന്നവര്‍ എന്ന് തോന്നിയത് ശ്യാം പുഷ്‌ക്കറും ബോബി സഞ്ജയുമാണ്. മറ്റുള്ളവരെ ഞാന്‍ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്നറിയില്ല, ചിലപ്പോള്‍ കാണുമായിരിക്കും. പക്ഷേ ഞാന്‍ കണ്ട് അസൂയപ്പെട്ടിട്ടില്ല, ഫാസില്‍ പറഞ്ഞു.
തീര്‍ച്ചയായും എഴുത്തുകാര്‍ വേണം. അത്രത്തോളം എഴുത്തുകാര്‍ മലയാള സിനിമയില്‍ കുറവാണ്. ഇപ്പോള്‍ പിന്നെ വേറൊരു ട്രെന്‍ഡുണ്ട്, എഴുത്തുമായിട്ട് വന്നാല്‍ ഉടന്‍ തന്നെ പുള്ളി സംവിധായകനാവുക, ആക്ടര്‍ ആവുക എന്നൊരു രീതി. അതില്‍ എനിക്ക് അത്ര അഭിപ്രായമില്ല. ഏതെങ്കിലും ഒന്നില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്താല്‍ നല്ലതാണ്, ഫാസില്‍ പറഞ്ഞു.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഏറ്റവും നന്നായി യൂസ് ചെയ്ത ആളാണ് താങ്കള്‍. ഇപ്പോള്‍ ഫഹദിനോടും ദുല്‍ഖറിനോടുമൊക്കെ മത്സരിക്കുന്നതും അവരുടെ സിനിമകള്‍ തന്നെയാണ്. ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ മമ്മൂട്ടി കുറച്ചുകൂടി ബുദ്ധിമാനാണെന്നായിരുന്നു ഫാസിലിന്റെ മറുപടി.
കൊവിഡിന് ശേഷം ഭീഷ്മ പര്‍വത്തെപ്പോലെ കളക്ട് ചെയ്ത മറ്റൊരു പടം മലയാളത്തിലില്ല. ജന ഗണ മനയ്ക്കും ഹൃദയത്തിനും മുകളിലായിരുന്നു അതിന്റെ കളക്ഷന്‍. അതില്‍ എന്റെ ഇളയ മകന്‍ അഭിനയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയും സൗബിനും അഭിനയിച്ചിട്ടുണ്ട്. അതുപോലെ വിക്രത്തില്‍ കമല്‍ഹാസന്‍ ചെയ്തതെന്താ, ഫഹദിനേയും കൊണ്ടിട്ടുകൊടുത്തു വിജയ് സേതുപതിയേയും കൊണ്ടിട്ടുകൊടുത്തു. അത് ഒരു ആര്‍ടിസ്റ്റിന്റെ ബ്രില്യന്‍സ് ആണ്. ആ ബ്രില്യന്‍സാണ് ഭീഷ്മയില്‍ മമ്മൂട്ടി കാണിച്ചത്. മമ്മൂട്ടിക്ക് അതിന്റെ ബെനഫിറ്റ് കിട്ടിയിട്ടുമുണ്ട്. മോഹന്‍ലാലിന് ഇങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല. കിട്ടുമ്പോള്‍ ചെയ്യുമായിരിക്കും,’ ഫാസില്‍ പറഞ്ഞു.
അവര്‍ ചെയ്യേണ്ട കഥാപാത്രങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നും അക്കാര്യത്തില്‍ മമ്മൂട്ടിയൊക്കെ വളരെ സ്ട്രിക്ടാണെന്നുമായിരുന്നു ഫാസിലിന്റെ മറുപടി. മോഹന്‍ലാലും ചെയ്യേണ്ട കഥാപാത്രങ്ങളേ ചെയ്യുന്നുള്ളൂവെന്നും ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Director Fazil about Mammootty and Mohanlal acting skill and fahadh