ഒ.ടി.ടി റിലീസുകള്‍ ആരംഭിച്ച ശേഷം മലയാള സിനിമ ഏറെ ഉയരത്തിലെത്തിയെന്ന് സംവിധായകന്‍ ഫാസില്‍. മലയാള സിനിമയുമായി മറ്റു ഭാഷാ ചിത്രങ്ങളെ താരതമ്യം ചെയ്യാന്‍ പലരും തുടങ്ങിയെന്നും ഫാസില്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഒ.ടി.ടി എന്ന സംഭവം വന്നശേഷം മലയാള സിനിമ വല്ലാത്ത ഹൈറ്റിലേക്കു പോയി. ഓള്‍ ഇന്ത്യാ ലെവലില്‍ വല്ലാതെ ഉയര്‍ന്നു. മലയാള സിനിമയുമായി മറ്റു ഭാഷാ ചിത്രങ്ങളെ
താരതമ്യം ചെയ്യാന്‍ തുടങ്ങി. തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചെയ്തിട്ടുള്ളതിനാല്‍ നിരവധി ബന്ധങ്ങളുണ്ട്. പല മേഖലയിലുള്ളവര്‍ എന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ട്. അടുത്തിടെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു. കൊറിയന്‍ സിനിമ കണ്ടെന്നും അത് മലയാള സിനിമ പോലെ ഇരിക്കുന്നു എന്നും വളരെ ഇഷ്ടപ്പെട്ടെന്നുമാണ് എന്നോട് അദ്ദേഹം പറഞ്ഞത്.
അപ്പോള്‍ ഒന്ന് ആലോചിച്ചു നോക്കൂ. മലയാളി അല്ലാത്തൊരാള്‍ രണ്ടിനെയും താരതമ്യം ചെയ്യുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. കൊറിയന്‍ പടം കണ്ടപ്പോള്‍ അതിലെ ആക്റ്റിംഗൊക്കെ ഭയങ്കര ത്രില്ലായിരിക്കുന്നുവെന്നും മലയാള സിനിമ കണ്ട ഫീലാണെന്നും അന്യസംസ്ഥാനത്തുള്ള ഒരാള്‍ പറയുമ്പോള്‍ ആലോചിക്കേണ്ട ഒരു സംഭവമുണ്ട്. നമ്മുടെ മലയാള സിനിമ എവിടെ നില്‍ക്കുന്നു എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്,’ ഫാസില്‍ പറഞ്ഞു.
കൊവിഡും സിനിമയും തമ്മിലുള്ള സംഘട്ടനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആര് ജയിക്കുമെന്നത് കണ്ടറിയണമെന്നും ഫാസില്‍ പറഞ്ഞു. കൊവിഡിന് ശേഷം ഞാന്‍ ജയിക്കുമോ, സിനിമ ജയിക്കുമോ എന്ന മത്സരമാണ്. വലിയ ചിത്രങ്ങളാണ് ഈ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മാത്രമല്ല ഇനിയും ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നു. എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചെയ്യുന്നത്. എന്നുകരുതി ചെലവുകള്‍ കുറയുന്നില്ല. ആള്‍ക്കാരെ കുറച്ച് ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാനാകില്ല. അങ്ങനെ ചിത്രമെടുത്തിട്ട് കാര്യമില്ലല്ലോ.
കൊവിഡ് പശ്ചാത്തലത്തിലാണ് സിനിമ ചെയ്യുന്നതെങ്കിലും നൂറു ശതമാനവും ആള്‍ക്കാരെ ഉള്‍പ്പെടുത്തിത്തന്നെയാണ് ഷൂട്ടിംഗ് നടക്കുന്നത്. അല്ലാതെ ചെയ്യുമ്പോള്‍ ആ സിനിമയുടെ ക്വാളിറ്റി നഷ്ടപ്പെടും. എന്തായാലും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ എന്റെ ചിത്രമായ മലയന്‍ കുഞ്ഞും ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനെത്തും, ഫാസില്‍ പറഞ്ഞു.