| Saturday, 29th May 2021, 11:08 am

ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ പൊളിറ്റിക്‌സുണ്ടോ; മറുപടിയുമായി ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാതാവായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഫാസില്‍. 2004 ല്‍ നിര്‍മിച്ച വിസ്മയത്തുമ്പത്തായിരുന്നു ഫാസില്‍ നിര്‍മിച്ച അവസാന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മഹേഷ് നാരായണനാണ്. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ഫാസിലിനുള്ളത്. ഒപ്പം കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നതിന്റെ ആവേശം ആരാധകര്‍ക്കുമുണ്ട്.

ചിത്രത്തില്‍ എന്തുകൊണ്ടാണ് ഫഹദിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഫഹദിനെ നായകനാക്കിയതിന് പിന്നില്‍ ഒരു പൊളിറ്റിക്‌സും ഇല്ലെന്നായിരുന്നു ഫാസിലിന്റെ മറുപടി.

‘ഫഹദിന് പറ്റിയ കഥാപാത്രമാണ്. കഥ കേട്ടപ്പോള്‍ അവനും എക്‌സൈറ്റഡായി. പിന്നെ കൈയ്യെത്തും ദൂരത്തിന് ശേഷം അവന്‍ അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കുന്നു എന്ന വിശേഷണം കൂടി ഇതിനുണ്ട്,’ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

ഈ ചിത്രത്തിലും മലയാള സിനിമയിലേക്ക് താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഒരു നിയോഗമാണെന്നായിരുന്നു ഫാസിലിന്റെ മറുപടി. പലരേയും മലയാള സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അവരെല്ലാം സൂപ്പര്‍ താരങ്ങളാണ്. റാംജി റാവു സ്പീക്കിങ്ങില്‍ സംവിധായകന്‍, നായകന്‍, നായിക, സംഗീത സംവിധായകന്‍ ഇവരെല്ലാം പുതുമുഖങ്ങളായിരുന്നു. അവരെ വെച്ച് ചെയ്ത പടങ്ങളെല്ലാം വന്‍ ഹിറ്റുമായി. പക്ഷേ ഇപ്പോള്‍ അതേ കുറിച്ച് ആലോചിച്ചാല്‍ ഭയമാകും, ഫാസില്‍ പറയുന്നു.

ഈ ചിത്രത്തില്‍ താന്‍ ഒരു ക്യാമറാമാനെ അവതരിപ്പിക്കുന്നുണ്ടെന്നും മഹേഷ് നാരായണനാണ് അതെന്നും ഫാസില്‍ പറയുന്നു. ‘ഇതുവരെ മഹേഷ് നാരായണന്‍ അറിയപ്പെട്ടത് സംവിധായകന്‍, തിരക്കഥാകൃത്ത് എഡിറ്റര്‍ എന്നൊക്കെയായിരുന്നു. ആദ്യമായാണ് ക്യാമറാമാനാകുന്നത്. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു ക്യാമറാമാന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ ആ ക്യാമറാമാനെ പുറത്തെടുക്കുന്നു,’ ഫാസില്‍ പറഞ്ഞു.

മലയന്‍കുഞ്ഞെന്നാണ് ഈ ചിത്രത്തിന്റെ പേര്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് സിനിമ പോകുന്നത്. സാങ്കേതിക തികവുള്ള ചിത്രമാണ് ഇത്. അങ്ങനെ പറയാന്‍ കാരണം സെറ്റ് വര്‍ക്കുകളാണ്. 30 അടി ഉയരമുള്ള സെറ്റുകളാണ് ഈരാറ്റുപേട്ടയില്‍ ചെയ്തിരിക്കുന്നത്. അതുകഴിഞ്ഞ് എറണാകുളത്ത് ഒരു ഓഡിറ്റോറിയത്തിനകത്തും ഷൂട്ടിങ്ങുണ്ട്. എല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചെയ്യുന്നത്. മൂന്ന് ഇന്‍ഡോര്‍ സെറ്റുകളുണ്ട്. ചെലവ് ചുരുക്കിയുള്ള ചിത്രമേയല്ല മലയന്‍കുഞ്ഞ്, ഫാസില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Director Fazil About Fahadh Character on Upcoming Movie Malayan Kunju

We use cookies to give you the best possible experience. Learn more