| Tuesday, 25th July 2023, 9:05 pm

'ലാലിനായി എം.ജി. ശ്രീകുമാറിനെ കൊണ്ട് പാടിക്കാമെന്നാണ് ആദ്യം വിചാരിച്ചത്, പക്ഷേ മമ്മൂട്ടിക്ക് ഫേവര്‍ ചെയ്തപോലാവുമെന്ന് തോന്നി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരികൃഷ്ണന്‍സ് ക്ലൈമാക്‌സിലെ ‘സമയമിതപൂര്‍വ സായാഹ്നം’ പാട്ടിന് പിന്നിലുള്ള കഥ പറയുകയാണ് സംവിധായകന്‍ ഫാസില്‍. മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ എം.ജി. ശ്രീകുമാറിനെക്കൊണ്ട് പാടിക്കാമെന്നാണ് വിചാരിച്ചതെന്നും പിന്നീട് രണ്ടുപേര്‍ക്കുമായി യേശുദാസ് പാടട്ടെ എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും ഫാസില്‍ പറഞ്ഞു. രണ്ട് പേര്‍ക്കുമായി ഒരാള്‍ പാടുമ്പോഴുള്ള പ്രശ്‌നം പരിഹരിച്ചത് യേശുദാസ് തന്നെയാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

‘കൈതപ്രം ആകെ വിഷമിച്ചിരിക്കുകയാണ്. ‘എന്താണ് വരികളില്‍ വേണ്ടതെന്നാണ് ‘തിരുമേനിയുടെ ചോദ്യം. മിക്കവാറും എന്റെ സിനിമകളില്‍ പാട്ടുണ്ടാക്കുന്ന സമയത്ത് ഞാനും കൂടെ ഇരിക്കാറുണ്ട്. പൊന്നാമ്പല്‍ പുഴയിറമ്പിലൊക്കെ എഴുതുമ്പോള്‍ കൈതപ്രം എന്നെയും പിടിച്ചിരുത്തിയിട്ടുണ്ട്. പക്ഷേ ഈ സെമിക്ലാസിക്കല്‍ സംഗതിയില്‍ അദ്ദേഹം പെട്ടുപോയി. എന്താണ് ആശയം വരേണ്ടതെന്നൊന്ന് ഒരു ഐഡിയയും കിട്ടുന്നില്ല. എനിക്കാണെങ്കില്‍ അങ്ങോട്ട് കൊടുക്കാനും ഒന്നുമില്ല. ഷൂട്ടിങ്ങിന് പോകാന്‍ ധൃതിയുമുണ്ട്.

പെട്ടെന്ന് ദൈവം തോന്നിച്ച പോലെ, ഞാന്‍ ഔസേപ്പച്ചനോട് ചോദിച്ചു.’ഏതോ സ്വരങ്ങള്‍ വെച്ചിട്ട് ട്യൂണ്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അതിലെ ആദ്യസ്വരം എന്താണ്.? അപ്പോള്‍ ഔസേപ്പച്ചന്‍ പറഞ്ഞു, അത് ‘സ’ ആണ്. രണ്ടാമത്തെ സ്വരമോ? അത് ‘മ’ ആണെന്നുപറഞ്ഞു. അതുകേട്ട് ഞാന്‍ കൈതപ്രത്തിനോട് പറഞ്ഞു. ‘തിരുമേനി, ആദ്യത്തെ അക്ഷരം സ, രണ്ടാമത്തെ അക്ഷരം മ. ഇനി നിങ്ങളങ്ങ് പാട്ടുണ്ടാക്കിക്കോ’ എന്നും പറഞ്ഞ് ഞാനെന്റെ പാട്ടിന് പോയി.

ചേര്‍ത്തലയില്‍ ചെന്ന് ഷൂട്ടിങ്ങിനിടയ്ക്ക് എനിക്കൊരു ഫോണ്‍ വരുന്നു, ഔസേപ്പച്ചനാണ്. പാട്ട് മുഴുവനാക്കിയെന്ന് പറയാനാണ് വിളിച്ചത്. വെറും രണ്ട് മണിക്കൂറിനുള്ളില്‍ കമ്പോസിങ് പൂര്‍ത്തിയായിരിക്കുന്നു. അങ്ങനെ അവര്‍ കേള്‍പ്പിച്ച പാട്ടാണ് ‘സമയമിതപൂര്‍വ സായാഹ്നം…’.

ദാസേട്ടന്‍ അന്ന് അമേരിക്കയിലാണ്. മമ്മൂട്ടിക്കുവേണ്ടി ദാസേട്ടനെക്കൊണ്ടും മോഹന്‍ലാലിന് വേണ്ടി എം.ജി. ശ്രീകുമാറിനെ കൊണ്ടും പാടിക്കാം എന്നാണ് ആദ്യം തോന്നിയത്. പക്ഷേ അങ്ങനെ പാടുമ്പോള്‍ തന്നെ അതിനെന്തോ ഒരു കയറ്റവും ഇറക്കവും വരുന്നപോലെയുണ്ടാവും. ദാസേട്ടന്റെ ശബ്ദമാകുമ്പോള്‍ മമ്മൂട്ടിയെ കുറച്ച് ഫേവര്‍ ചെയ്ത പോലെ തോന്നുമോ എന്നും എനിക്കൊരു ആശങ്കതോന്നി.

ഞാന്‍ എന്തായാലും ദാസേട്ടനെ വിളിച്ചു. ‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഞാനൊരു പടം എടുക്കുന്നുണ്ട്. അതില്‍ രണ്ടുപേര്‍ക്കും വേണ്ടി ദാസേട്ടനാണ് പാടുന്നത്. അപ്പോള്‍ അതൊന്ന് അഡ്ജസ്റ്റ് ചെയ്ത് പാടേണ്ടി വരും.’ ഉടനെ ദാസേട്ടന്റെ മറുപടി,’ഓ നോക്കാം മോനെ’.

അതുകഴിഞ്ഞ് ഔസേപ്പച്ചന്‍ സംഗതി പറഞ്ഞു കഴിഞ്ഞപ്പോള്‍ ദാസേട്ടനാണ് പറഞ്ഞത് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഒരാളുടെ ശബ്ദം ഒരു സ്പീഡില്‍ റെക്കോര്‍ഡ് ചെയ്യാമെന്നും മറ്റേയാളുടെ ശബ്ദത്തില്‍ വരുമ്പോള്‍ അത് ഇത്തിരി സ്പീഡ് കുറച്ച് റെക്കോര്‍ഡ് ചെയ്യാമെന്നും. അപ്പോള്‍ സ്വരത്തില്‍ ഉണ്ടാകുന്ന ചെറിയൊരു മാറ്റമുണ്ട്. സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമേ അത് മനസിലാവൂ,’ ഫാസില്‍ പറഞ്ഞു.

Content Highlight: director fasil talks about the song in the climax of harikrishnans

We use cookies to give you the best possible experience. Learn more