| Tuesday, 20th December 2022, 9:16 am

ഇന്നത്തെ രാജമൗലിയാണ് അന്നത്തെ ഷാജി കൈലാസ്: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്നത്തെ എസ്.എസ് രാജമൗലിയാണ് അന്നത്തെ ഷാജി കൈലാസെന്ന് സംവിധായകന്‍ ഫാസില്‍. ഇന്ന് ഫെഫ്ക സിനിമ നിര്‍മിക്കുന്നത് പോലെ മാക്റ്റ ഉണ്ടായിരുന്ന കാലത്ത് ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തുടങ്ങിയ സിനിമയാണ് ഹരികൃഷ്ണന്‍സെന്നും കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

‘വളരെ സന്തോഷമുള്ള ഒരു ദിവസമാണിന്ന്. 1997ല്‍ ഫെഫ്ക തുടങ്ങുന്നതിന് മുമ്പ്, മാക്റ്റ ഒരു സിനിമ എടുക്കണമെന്ന് പറഞ്ഞത് ഞാനാണ്. അന്ന് അതിന്റെ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ അത് നടന്നില്ല. അത് കഴിഞ്ഞ് ഷാജി കൈലാസും രഞ്ജി പണിക്കരും കൂടെ ഒരു സിനിമ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതും നടന്നില്ല.

അങ്ങനെ മാക്റ്റക്ക് വേണ്ടി തയാറാക്കിയ കഥയാണ് പിന്നീട് ഞാന്‍ ഹരികൃഷ്ണന്‍സ് എന്ന സിനിമയാക്കിയത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ എനിക്ക് മുമ്പേ ഭരതന്‍, പദ്മരാജന്‍ എന്നിങ്ങനെയുള്ള സംവിധായകര്‍ ഉണ്ടായിരുന്നു. അതുപോലെ എന്നോടൊപ്പം സഞ്ചരിച്ച ഒരുപാട് സംവിധായകരുമുണ്ടായിരുന്നു.

ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആക്കൂട്ടത്തില്‍ ഒരു സംവിധായകനോട് മാത്രമേ എനിക്ക് ബഹുമാനം തോന്നിയിട്ടുള്ളു. വേറൊരു അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഒരു അസൂയ. ആ ഒരേ ഒരു സംവിധായകനാണ് ഷാജി കൈലാസ്. അപ്പോള്‍ ഇന്നത്തെ എസ്.എസ് രാജമൗലിയാണ് അന്നത്തെ ഷാജി കൈലാസ്.

ഇന്ന് ഇവിടെ ഞാന്‍ വരാന്‍ നിമിത്തമായത് പൃഥ്വിരാജാണ്. സത്യത്തില്‍ എനിക്ക് നഷ്ടപ്പെട്ട് പോയൊരാളാണ് പൃഥ്വിരാജ്. ഞാനാണ് സിനിമക്ക് വേണ്ടി ആദ്യമായി പൃഥ്വിയെ ഇന്റര്‍വ്യു ചെയ്യുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ നായികയായി തെരഞ്ഞെടുത്തത് അസിനെയായിരുന്നു. എന്നാല്‍ ആ സിനിമ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ ഫഹദിനെ വെച്ചാണ് ഞാന്‍ ആ സിനിമ ചെയ്തത്.

പിന്നീടൊരിക്കല്‍ രഞ്ജിത് എന്നെ വിളിച്ചിട്ട് എന്റെ അടുത്ത സിനിമയിലെ നായകന്‍ സുകുമാരന്‍ ചേട്ടന്റെ മകനാണെന്ന് പറഞ്ഞു. ഫാസില്‍ ഇന്റര്‍വ്യു ചെയ്തയാളല്ലേ എങ്ങനെയുണ്ടെന്നും എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു ഗംഭീരമായിരിക്കുമെന്ന്. ആ അവസരത്തില്‍ തന്നെ സത്യന്‍ അന്തിക്കാടും എന്നെ വിളിച്ചു. എന്റെ സിനിമയിലേക്ക് ഒരു രണ്ടാം നായികയെ വേണം ഫാസിലിന്റെ പരിചയത്തില്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ അസിന്റെ പേര് പറഞ്ഞുകൊടുത്തു.

അങ്ങനെ ആ നിയോഗം സത്യന് കിട്ടി. അദ്ദേഹമാണ് അസിനെ സിനിമയിലേക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. അതുവഴി അസിന്‍ ഇന്ത്യയില്‍ മുഴുവനും അറിയപ്പെടുകയും ചെയ്തു. അങ്ങനെ ചില നിമിത്തങ്ങളിലൂടെയാണ് ഞാനിവിടെ വന്നത്. ഇന്ന് പൃഥ്വിരാജിന് മൊമന്റോ കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,’ ഫാസില്‍ പറഞ്ഞു.

content highlight: director fasil talks about shaji kailas and his new movie

We use cookies to give you the best possible experience. Learn more