മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയിട്ട് 27 വര്‍ഷം തികയുകയാണ്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രായഭേദമന്യേ ചിത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്നുണ്ട്.
മണിച്ചിത്രത്താഴ് എന്ന സിനിമയ്‌ക്കൊപ്പം തന്നെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു. മൂന്ന് പേരാണ് സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയതെന്നും ചിത്രത്തിലെ ഒരു ഗാനം മണിച്ചിത്രത്താഴിന് വേണ്ടി എഴുതിയതായിരുന്നില്ലെന്നും പറയുകയാണ് സംവിധായകന്‍ ഫാസില്‍. കൈരളി വീ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് വാചാലനായത്.
‘ഈ സിനിമയില്‍ മൂന്ന് ഗാനരചയിതാക്കളാണ് ഉണ്ടായിരുന്നത്. മധു മുട്ടം, ബിച്ചു തിരുമല, വാലി എന്നിവര്‍. മധു മുട്ടം എഴുതിയ ‘വരുവാനില്ലാരുമിന്നൊരുനാളുമീ വഴി’ എന്നത് നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന അതിമനോഹരമായ ഒരു ഗാനമാണ്. എന്നാല്‍ ആ ഗാനം ഈ സിനിമയ്ക്ക് വേണ്ടി എഴുതിയതല്ല. മുന്‍പെപ്പോഴോ എഴുതിവെച്ചിരുന്നതാണ്. അത് ഈ സിനിമയ്ക്ക് അനുയോജ്യമാണെന്ന് പറഞ്ഞ് ഞാന്‍ ഇങ്ങെടുക്കുകയായിരുന്നു.
ആ പാട്ടിലൂടെയാണ് ശോഭനയുടെ കഥാപാത്രമായ ഗംഗ എങ്ങനെ രോഗിയായി എന്നകാര്യമൊക്കെ ജനങ്ങളില്‍ എത്തിക്കുന്നത്. അതുപോലെ ബിച്ചു തിരുമല എഴുതിയ പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം പാടുന്ന ഗാനമുണ്ട്. ആ പാട്ട് ചുമ്മാ കയറി പാടുകയല്ല. അത് പാടാനുണ്ടായ കാരണം തെക്കിനിയില്‍ നിന്ന് ഒരുമുറൈ വന്ത് പാരായോ എന്ന് ആഹരി രാഗത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നുണ്ട്.
ഇത് വേറെ ഒരു വിധത്തില്‍ പാടിയാല്‍ ഗംഗയുടെ മുഖത്തെ ഭാവം എന്താണെന്ന് അറിയാന്‍ വേണ്ടി അതേ രാഗം വേറൊരു ഭാവത്തില്‍ പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ എന്ന് പാടുകയാണ്.
അതിന്റെ വരികളൊക്കെ വളരെ പെര്‍ഫക്ട് ആയിരുന്നു. വരികളും മ്യൂസിക്കും അതിലെല്ലാമുപരി ജോണ്‍സന്റെ റീ റെക്കോഡിങ്ങും പെര്‍ഫക്ട് ആയി. ഒരു സിനിമ തലമുറകളെ അതിജീവിക്കണമെങ്കില്‍ അതിലെ ഓരോ കലയിലെ പാര്‍ട്ടും 100 ശതമാനം മാര്‍ക്കോടുകൂടി വേണം വരാന്‍.
അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഈ സിനിമയെ ആളുകള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. അല്ലാതെ ഫാസില്‍ എന്ന ഒരു വ്യക്തിയുടെ മാത്രംകഴിവല്ല. അതിനെയെല്ലാം ക്രോഡീകരിച്ചു എന്നത് മാത്രമാണ് ഇതില്‍ എന്റെ മിടുക്ക്’, ഫാസില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director fasil about Manichitrathazhu songs