ചാറ്റ് ജി.പി.ടിക്ക് കൊടുത്താല്‍ ദുല്‍ഖറിനേയും ഫഹദിനേയും വെച്ച് കഥയുണ്ടാക്കില്ലേ? നമ്മളിനി മെനക്കെടേണ്ട: ഫാസില്‍
Film News
ചാറ്റ് ജി.പി.ടിക്ക് കൊടുത്താല്‍ ദുല്‍ഖറിനേയും ഫഹദിനേയും വെച്ച് കഥയുണ്ടാക്കില്ലേ? നമ്മളിനി മെനക്കെടേണ്ട: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th July 2023, 10:07 pm

മലയാള സിനിമയില്‍ ഇനിയൊരു ഹരികൃഷ്ണന്‍സിനെ പറ്റിയുള്ള സാധ്യകളെ പറ്റി പറയുകയാണ് സംവിധായകന്‍ ഫാസില്‍. ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലിനും ഹരികൃഷ്ണന്‍സ് പോലെ ഒരു പടം വേണമെന്ന് പറഞ്ഞ് ചാറ്റ് ജി.പി.ടിക്ക് കൊടുത്താല്‍ അതൊരു കഥയുണ്ടാക്കി തരുമെന്നും അതുകൊണ്ട് നമ്മള്‍ ഇനി അധികം മെനക്കെടേണ്ട കാര്യമില്ലെന്നും ഫാസില്‍ പറഞ്ഞു.

പുതിയ സംവിധായകര്‍ അത്തരമൊരു ചിത്രത്തെ പറ്റി ആലോചിക്കുന്നുണ്ടെങ്കില്‍ വലിയ കാര്യമാണെന്നും താനിനി അത്തരമൊരു സിനിമ എടുക്കില്ലെന്നും മാതൃഭൂമിക്ക് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

‘ഇപ്പോള്‍ ഹരികൃഷ്ണന്‍സ് പോലെ ഒരു പടം വേണം, അതില്‍ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലിനും അഭിനയിക്കാനുള്ള തിരക്കഥ ഉണ്ടാക്കണം എന്നും പറഞ്ഞ് ചാറ്റ് ജി.പി.ടിക്ക് കൊടുത്താല്‍ അതൊരു കഥയുണ്ടാക്കി തരും എന്നല്ലേ പറയുന്നത്. അതുകൊണ്ട് നമ്മള്‍ ഇനി അധികം മെനക്കെടേണ്ട കാര്യമില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരെ എങ്ങനെ പ്രതികരിക്കാം എന്ന് ആളുകള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. അപ്പോള്‍ ഞാനെന്തായാലും ആ സിനിമ വീണ്ടും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. പുതിയ സംവിധായകരില്‍ ആരെങ്കിലും ഇതിലൊരു കമ്പം തോന്നി ഇതൊരു വെല്ലുവിളി പോലെ ഏറ്റെടുത്ത് ദുല്‍ഖറിനെയോ പ്രണവിനെയോ ഒക്കെ വെച്ചിട്ട് ചെയ്യുകയാണെങ്കില്‍ അത് വലിയ കാര്യം. ഞാനായിട്ട് ഇനി ആ കോമ്പിനേഷന്‍ വെച്ച് എടുക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല,’ ഫാസില്‍ പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ഇനി ഒന്നിച്ച് അഭിനയിക്കുന്നതിനെ പറ്റിയും ഫാസില്‍ സംസാരിച്ചു. ‘ഹരികൃഷ്ണന്‍സിന് ശേഷം ട്വന്റി20 വന്നല്ലോ. ഇപ്പോള്‍ അവരുടെ മനസ്സില്‍ അങ്ങനെയൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോഴത് അത്ര എളുപ്പത്തില്‍ നടക്കുകയുമില്ല.

മമ്മൂട്ടി ധീരമായ പരീക്ഷണ സിനിമകള്‍ എടുക്കാനും അതില്‍ അഭിനയിക്കാനും തുടങ്ങി. നന്‍പകല്‍ നേരത്ത് മയക്കം പോലെയൊരു ആര്‍ട്ടിസ്റ്റിക് മൂവി നിര്‍മിച്ചിട്ട് അത് മികച്ച സിനിമയും മമ്മൂട്ടി മികച്ച അഭിനേതാവുമായല്ലോ. ഇപ്പോഴത്തെ കാലത്ത് മമ്മൂട്ടി വേണമെങ്കില്‍ വില്ലനായും അഭിനയിക്കാന്‍ തയ്യാറാവും. മോഹന്‍ലാലുമതേ.

വില്ലന്‍ റോളുകളില്‍ അഭിനയിക്കാന്‍ മടി കാണില്ല. സമീപഭാവിയില്‍ നെഗറ്റീവ് റോളുകള്‍ പലരും കൊതിയോടെ നോക്കുന്ന ഒന്നായി മാറാന്‍ ഇടയുണ്ട്,’ ഫാസില്‍ പറഞ്ഞു.

Content Highlight: Director Faasil is talking about the possibilities of another Harikrishnan