'ഈ മുഖം വെച്ച് എങ്ങനെ അഭിനയിക്കുമെന്നല്ലേ ചോദിച്ചത്' ആ സീനുകള്‍ക്ക് പ്രചോദനമായത് ദളപതി വിജയ്‌യുടെ യഥാര്‍ത്ഥ ജീവിതം: സംവിധായകന്‍
Entertainment
'ഈ മുഖം വെച്ച് എങ്ങനെ അഭിനയിക്കുമെന്നല്ലേ ചോദിച്ചത്' ആ സീനുകള്‍ക്ക് പ്രചോദനമായത് ദളപതി വിജയ്‌യുടെ യഥാര്‍ത്ഥ ജീവിതം: സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 9:38 pm

സിനിമാ നടനാവുക എന്ന സ്വപ്‌നവുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന തമിഴ് ചിത്രമാണ് സ്റ്റാര്‍. നടനാവാന്‍ അവന്‍ നിരവധി യാതനകള്‍ സഹിക്കേണ്ടി വരുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്.

മെയ് 10ന് തിയേറ്ററില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ‘പ്യാര്‍ പ്രേമ കാതല്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇലനാണ്.

തുടക്കത്തില്‍ ഹരീഷ് കല്യാണിനെ നായകനാക്കാന്‍ ഉദേശിച്ച സ്റ്റാറില്‍ കലൈ എന്ന കഥാപാത്രമായി എത്തുന്നത് കവിന്‍ ആയിരുന്നു. കവിന്റെ ഏറ്റവും മികച്ച അഭിനയമാകും സ്റ്റാറില്‍ ഉണ്ടാവുകയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോള്‍ സ്റ്റാറിലെ കലൈ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഏറെ ചര്‍ച്ചയാകുന്നത്. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന നായകന്‍ നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്നത് ട്രെയ്‌ലറില്‍ കാണിച്ചിരുന്നു.

ഈ സീനുകളൊക്കെ ദളപതി വിജയ്‌യുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇലന്‍ പറയുന്നത്. സ്റ്റാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സിനിമയില്‍ കലൈ തന്റെ രൂപത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നേരിടുന്ന സീനുണ്ടെന്നും അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് നടന്‍ വിജയ് എന്നും ഇലന്‍ പറയുന്നു. വിജയ് അനുഭവിച്ച ഈ കാര്യം തനിക്ക് കലൈ എന്ന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. വിജയ്ക്ക് പുറമെ നിരവധി ആളുകള്‍ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുന്ന ഇലന്‍ തന്റെ അച്ഛനും ഇത് നേരിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഫോട്ടോഗ്രാഫര്‍ പാണ്ടിയനാണ് ഇലന്റെ അച്ഛന്‍.

ശ്രീ വെങ്കിടേശ്വര സിനി ചിത്രയുടെയും റൈസ് ഈസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ബി.വി.എസ്.എന്‍ പ്രസാദും ശ്രീനിധി സാഗറും ചേര്‍ന്നാണ് സ്റ്റാര്‍ നിര്‍മിക്കുന്നത്. കവിന് പുറമെ ലാല്‍, ആദിതി പൊഹങ്കര്‍, പ്രീതി മുകുന്ദന്‍, ഗീത കൈലാസം എന്നിവരും ചിത്രത്തില്‍ ഒന്നിക്കുന്നു.

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും എഴില്‍ അരസു കെ. ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാണുന്നത്.


Content Highlight: Director Elan Talks About Star Movie And Vijay