കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയിലും തൃശൂര്‍ പൂരം നടത്താനുള്ള നീക്കത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു. രാജ്യത്ത് വലിയ രോഗവ്യാപനത്തിനിടയാക്കിയ കുംഭമേളയോട് താരതമ്യം ചെയ്താണ് ഇപ്പോള്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ഡോ.ബിജു രംഗത്തെത്തിയത്.
‘ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു. ഇനി, അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം… എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍. കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം,’ ഡോ. ബിജുവിന്റെ കുറിപ്പില്‍ പറയുന്നു.
കൊവിഡ് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് എന്‍.എസ് മാധവന്‍ ആവശ്യപ്പെട്ടത്.
’17+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. സര്‍ക്കാരേ, ശബരിമലയില്‍ മടിച്ചു നിന്നതു പോലെ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കണം, ഇപ്പോള്‍ തന്നെ,’ എന്‍. എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തും രാജ്യം മുഴുവനും കൊവിഡ് രണ്ടാം തരംഗം അതീവ തീവ്രതയോടെ വ്യാപിക്കുന്നതിനിടെ തൃശൂര്‍ പൂരം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂരത്തിന് പങ്കെടുക്കാന്‍ കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി.
നേരത്തെ ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ശന നടപടികളുടെ പശ്ചാത്തലത്തില്‍ പൂരം നടത്തിപ്പ് പ്രയാസകരമാകുമെന്നാണ് ദേവസ്വം വകുപ്പിന്റെ പ്രതികരണം. പ്രത്യേക ഉത്തരവ് സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,835 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക