Entertainment
ആ ആസിഫ് അലി ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്: ദിന്‍ജിത്ത് അയ്യത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 15, 08:13 am
Saturday, 15th February 2025, 1:43 pm

ദില്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ഒ.പി 160/18 കക്ഷി:അമ്മിണിപ്പിള്ള’. ആസിഫ് അലി വക്കീല്‍ വേഷത്തിലെത്തിയ ചിത്രം ആദ്യം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കക്ഷി: അമ്മിണിപ്പിള്ളയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു.

കക്ഷി:അമ്മിണിപ്പിള്ള എന്ന സിനിമയുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖര്‍ സല്‍മാനോടാണെന്ന് ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നു. പിന്നീടാണ് സിനിമയുടെ കഥ ആസിഫിനോട് പറയുന്നതെന്നും അദ്ദേഹം ചെയ്തതെന്നും ദിന്‍ജിത്ത് പറഞ്ഞു. നാനാ സിനിമാവാരികയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘സിനിമ മോഹം ഉള്ളില്‍ നില്‍ക്കെയാണ് സനിലേഷ് എന്ന ഒരു എഴുത്തുകാരനെ പരിചയപ്പെടുന്നത്. സ്വന്തമായി എഴുതാനുള്ള ആത്മവിശ്വാസം എനിക്ക് ഇല്ലാതിരുന്നല്‍ കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് ഒരു സിനിമ എഴുതണം എന്നും, അതിനെക്കുറിച്ചുള്ള ചില ചര്‍ച്ചകളിലും മറ്റും ഏര്‍പ്പെട്ടു.

ആ ഇടയ്ക്ക് ഞാന്‍ പല മലയാള സിനിമകളുടേയും വി.എഫ്.എക്‌സ് ഡയറക്ടറായും, സി.ജി ചെയ്യാനുമെല്ലാമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ ബന്ധങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. എബ്രിഡ് ഷൈന്‍ എന്ന സംവിധായകനാണ് ഈ ബന്ധങ്ങളില്‍ ഏറെയും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത ഒരു വ്യക്തി.

അങ്ങനെ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമ ആദ്യം ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞു. പല നടന്മാരെയും, പ്രൊഡക്ഷന്‍ ഹൗസുകളെയും ആ ഇടയ്ക്ക് പരിചയപ്പെട്ടതില്‍ നിന്ന് എനിക്ക് മനസിലായത്, ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ പലര്‍ക്കും നമ്മളില്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്നതാണ്.

സ്റ്റോറി ബോര്‍ഡ് സഹിതം എന്റെ പക്കല്‍ ഒരു ഐഡിയ ഉണ്ടായിരുന്നു. ‘നമ്മള്‍ അതിയായി ആഗ്രഹിക്കുന്നതിന് വേണ്ടി പ്രകൃതി ഗൂഢാലോചന നടത്തും’ എന്ന് പറയുന്നത് പോലെ, ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചതുകൊണ്ടാവണം, അതിലേക്ക് ആസിഫ് അലി എന്ന നടന്‍ എത്തിയതും, സിനിമ സംഭവിച്ചതും എന്നാണ് വിശ്വസിക്കുന്നത്.

ഞാന്‍ മാനസികമായി ഏറെ സന്തോഷിച്ച് ചെയ്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ആസിഫിന്റെ കരിയറില്‍,ഫാമിലി ഓഡിയന്‍സിലേക്ക് കൂടുതല്‍ അടുപ്പം ചെലുത്താന്‍ സഹായിച്ച സിനിമയാണത്. സത്യത്തില്‍, അമ്മിണിപ്പിള്ള ഒരു വലിയ പ്രതീക്ഷയായിരുന്നു. സിനിമ കഴിഞ്ഞാല്‍, ജീവിതം രക്ഷപ്പെടും, ഫൈനാന്‍ഷ്യലി മെച്ചപ്പെടും എന്നെല്ലാം സ്വപ്നം കണ്ടിരുന്നു,’ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നു.

Content highlight: Director Dinjith Ayyathan says Dulquer Salman was the first choice for Kakshi: Amminippilla