ഭാവന സ്റ്റുഡിയോസിന്റേതായി മലയാളത്തില്‍ ഗ്യാങ്ങൊന്നുമില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിലേക്ക് കുറച്ച് നടന്മാര്‍ക്ക് മാത്രമല്ലേ പ്രവേശനം കിട്ടിയിട്ടുള്ളു. ആ ഗ്യാങ്ങിലേക്ക് ഇനി എപ്പോഴാണ് ബാക്കിയുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിലീഷ് പോത്തന്‍. തങ്കം സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
അങ്ങനെയൊരു ഗ്യാങ്ങില്ലെന്നും ഓരോ സിനിമയിലും അനുയോജ്യരായവരെയാണ് തെരഞ്ഞെടുക്കുന്നതെന്നും ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സുഹൃത്തുക്കളെ അഭിനയിക്കാന്‍ വിളിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. തങ്കം എന്ന പുതിയ സിനിമയില്‍ ഫഹദ് ഫ്രീയായിരുന്നിട്ടും വിനീതിനെ കൊണ്ട് തന്നെ അഭിനയിപ്പിക്കണമെന്നത് തങ്ങളുടെ തീരുമാനമായിരുന്നു എന്നും വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ എല്ലാവരുടെയും കൂടെ സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയില്‍ അങ്ങനെയൊരു ഗ്യാങ്ങൊന്നുമില്ല. ഓരോ സിനിമയും ഉണ്ടാകുമ്പോഴും അതിലെ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ താരങ്ങളെയും ടെക്‌നീഷ്യന്‍സിനെയുമാണ് നമ്മള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത്. നമ്മള്‍ എപ്പോഴും അന്വേഷിക്കുന്നതും അത്തരത്തിലുള്ളവരെയാണ്. വര്‍ക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതിന്റെ സൗകര്യത്തിന് വേണ്ടി അടുത്ത സുഹൃത്തുക്കളെയും മറ്റും പരിഗണിക്കുമായിരിക്കും.
സിനിമകള്‍ വരുമ്പോള്‍ ആ ക്യാരക്ടര്‍ ഏറ്റവും നന്നായി ആര്‍ക്കാണ് ചെയ്യാന്‍ കഴിയുക എന്നാണ് നോക്കുന്നത്. എല്ലാ കഥാപാത്രങ്ങളെ കുറിച്ചുമല്ല പറയുന്നത്. ഇപ്പോള്‍ തന്നെ തങ്കത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഫഹദ് ഫ്രീയായിരുന്നിട്ടും ഞങ്ങള്‍ ഡിസ്‌കസ് ചെയ്തപ്പോള്‍ ഈ കഥാപാത്രം വിനീത് ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
വിനീത് ചെയ്താലായിരിക്കും ഈ കഥാപാത്രം കൂടുതല്‍ നന്നാവുക എന്ന് ചിന്തിക്കുന്ന അവസ്ഥയാണുള്ളത്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു വാതിലുകള്‍ അടഞ്ഞ അവസ്ഥയൊന്നുമില്ല. ശരിക്കും എല്ലാവരുമായും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അങ്ങനെ തന്നെയാണ് പുതിയ ഓരോ പ്രൊജക്ടും ആരംഭിക്കുന്നത്. ചില സിനിമകളില്‍ അടുപ്പിച്ച് പലരും അഭിനയിച്ചു എന്ന് മാത്രമെയുള്ളു.
വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ എല്ലാവരുമായും വര്‍ക്ക് ചെയ്യുന്നതായിരിക്കും. ഉറപ്പായും നമ്മള്‍ പൊളിക്കും,’ ദിലീഷ് പോത്തന്‍
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് തങ്കം . ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജനുവരി 26നാണ് സിനിമ തിയേറ്ററിലെത്തുന്നത്.
content highlight: director dileesh pothen talks about bhavana studios