തനിക്ക് കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ടതിനാലാണ് പാതിരാപ്പടം എന്ന സിനിമ ഉപേക്ഷിച്ചതെന്നും സിനിമയില്‍ ബജറ്റ് ഫ്രീഡം കിട്ടിയാല്‍ ആലോചനകളെ കയറൂരിവിടുമെന്നും ദിലീഷ് പോത്തന്‍. തനിക്കൊരു തൃപ്തിക്കുറവ് വന്നതോടെയാണ് സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതും ദിലീഷ് പോത്തന്‍ പറഞ്ഞു. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഞാന്‍ ഡയറക്ട് ചെയ്യാനിരുന്നൊരു സിനിമയാണ് പാതിരാപ്പടം. അതിനു വേണ്ടി പണം ഇന്‍വെസ്റ്റ് ചെയ്യുന്ന നിര്‍മാതാവും എന്നെ വിശ്വസിച്ചു നില്‍ക്കുന്ന അഭിനേതാക്കളും അടങ്ങുന്നൊരു ടീമുണ്ട് ആ സിനിമയില്‍. എന്റെ ഉത്തരവാദിത്തമാണ് ആ സിനിമ പൂര്‍ണമായും വൃത്തിയോടെ പുറത്തുവരികയെന്നുള്ളത്. ഷൂട്ട് തുടങ്ങുന്നതിന് മുന്നേ എനിക്ക് ചില സംശയങ്ങള്‍ തോന്നി.
ആ സിനിമയില്‍ എനിക്കുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായി. എനിക്ക് ചില തൃപ്തിക്കുറവ് വന്നതോടെയാണ് ആ സിനിമ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. പിന്നീട് കുറച്ച് പേരൊക്കെ ആ സിനിമ ചെയ്‌തോട്ടെ എന്നെന്നോട് ചോദിച്ചിരുന്നു. ഞാന്‍ ഓക്കെ പറഞ്ഞു. പക്ഷേ ഇതുവരെയൊന്നും സംഭവിച്ചില്ല.
ഓരോ തവണ സിനിമ ചെയ്യുമ്പോളും എന്തെങ്കിലും പുതുതായ് പരീക്ഷിക്കാന്‍ ശ്രമിക്കാനൊക്കെയാണ് ആഗ്രഹം. പലപ്പോഴും അത് സാധിക്കാറില്ല. കഴിവും ചിന്തകളും കുറഞ്ഞതുകൊണ്ടൊക്കെയായിരിക്കാം അത് സാധിക്കാത്തത്. അത് കൊണ്ടൊക്കെയാണ് എന്റെ സിനിമകളുടെ ജോണറില്‍ ഒരു സാമ്യത തോന്നുന്നത്.
അറിഞ്ഞോ അറിയാതെയോ നമ്മുടെ പ്രായോഗിക ബുദ്ധി നമ്മുടെ ചിന്തകളെ തടയുന്നുണ്ടാവാം. നമുക്കിവിടെ സാധ്യമാകുന്നൊരു ബജറ്റുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ ആലോചനകള്‍ക്കും പരിമിതികളുണ്ട്. ബജറ്റ് ഫ്രീഡം കിട്ടിയാല്‍ ആലോചനകളെ കയറൂരിവിടും, ‘ ദിലീഷ് പോത്തന്‍ പറഞ്ഞു.
രഞ്ജന്‍ പ്രമോദിന്റെ സിനിമയായത് കൊണ്ടാണ് ‘ഓ ബേബി’ ചെയ്യാന്‍ പ്രധാന കാരണം. നിര്‍മാതാവായിരിക്കുമ്പോള്‍ പണം ഇന്‍വെസ്റ്റ് ചെയ്യുന്നതിനുപുറമേ കാര്യമായൊന്നും ചെയ്യാനില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
‘ രഞ്ജന്‍ പ്രമോദിന്റെ സിനിമയായത് കൊണ്ടാണ് ‘ഓ ബേബി’ ചെയ്യാന്‍ പ്രധാന കാരണം. സിനിമ നിര്‍മാണം വളരെ പാടുള്ള പണിയാണ്. ഒരു നിര്‍മാതാവായിരിക്കുമ്പോള്‍ പണം ഇന്‍വെസ്റ്റ് ചെയ്യുക എന്നതിനപ്പുറത്ത് പ്രത്യേകിച്ച് ക്രിയേറ്റീവായൊന്നും അതില്‍ ചെയ്യാനുണ്ടാവില്ല. അതിനപ്പുറത്തേക്കൊരു റോളും നിര്‍മാതാവിനില്ല എന്നാണ് തോന്നിയിട്ടുള്ളത്.
സിനിമ എന്നത് സംവിധായകന്റെ സ്വപ്‌നവും കാഴ്ചപ്പാടുമൊക്കെയാണ്. സിനിമ നമുക്ക് പ്രഡിക്ട് ചെയ്യാന്‍ പറ്റില്ല. പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ പ്രൊഡക്ഷനില്‍ സംഭവിക്കും.
ഒരുപാട് പേര്‍ ഒരുമിച്ച് ചെയ്യുന്നൊരു ജോലിയാണ് സിനിമ. ഒരാളുടെ ഭാഗത്തുനിന്നും സംഭവിക്കുന്ന ഒരു ചെറിയ തെറ്റും പ്രകൃതിയിലുണ്ടാകുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും സിനിമയുടെ ഷൂട്ടിനെ പ്രതികൂലമായി ബാധിക്കും. എല്ലാം അതിജീവിച്ച് മുന്നോട്ട് പോകുകയെന്നതിലാണ് കാര്യം.
നമ്മള്‍ സിനിമയ്ക്ക് വേണ്ടിയിറങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ കൂടെയങ്ങ് നില്‍ക്കുക തന്നെയാണ്, ‘ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlights: Director Dileesh Pothan about movies