| Sunday, 28th May 2023, 1:41 am

സിനിമയ്ക്ക് ബാധ്യതയായി ആര്‍ക്കും അധികകാലം നിലനില്‍ക്കാനാകില്ല: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയ്ക്ക് ബാധ്യതയായിക്കൊണ്ട് അധികകാലമൊന്നും ആര്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ദിലീഷ് പോത്തന്‍. സിനിമയോട് ആത്മാര്‍ത്ഥതയില്ലാത്ത ഒരുപാടാളുകള്‍ ഫീല്‍ഡ് ഔട്ട് ആയിപ്പോയിട്ടുണ്ടെന്നും നമുക്ക് സിനിമയെയാണാവശ്യമെന്നും അല്ലാതെ സിനിമയ്ക്ക് നമ്മളെയല്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഒരാള്‍ ഒരു സിനിമയ്ക്ക് ബാധ്യതയാണെങ്കില്‍ അധികകാലമൊന്നും അയാള്‍ക്ക് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത ആളുകളെ വെച്ച് സിനിമ ചെയ്യാന്‍ ആളുകള്‍ മടിക്കും.

സ്വാഭാവികമായും കുറച്ചധികം കാലം ഇത്തരത്തിലുള്ളയാളുകളെ കൊണ്ട് ശല്യമുണ്ടാവുകയാണെങ്കില്‍ അവരൊക്കെ ഫീല്‍ഡ് ഔട്ട് ആയിപ്പോവാനാണ് സാധ്യത.

അത്തരത്തിലുള്ളയാളുകള്‍ സിനിമയിലുണ്ടോയെന്ന് എനിക്കറിയില്ല. സിനിമയോട് ആത്മാര്‍ത്ഥതയില്ലാത്ത ഒരുപാടാളുകള്‍ ഫീല്‍ഡ് ഔട്ട് ആയിപ്പോയിട്ടുണ്ട്.

സിനിമയ്ക്കങ്ങനെ പ്രത്യേകം ആളുകളുടെ ആവശ്യമൊന്നുമില്ല. ഞാന്‍ ഡയറക്ട് ചെയ്യുന്ന സമയത്ത് ഡെഡിക്കേറ്റഡ് ആയി നിന്നില്ലെങ്കില്‍ ഒരു പ്രൊഡ്യൂസറും എന്നെ വിശ്വസിച്ച് പണം മുടക്കില്ല.

സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സമയത്ത് അഭിനേതാക്കളെത്തിയില്ലെങ്കില്‍ അത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. ചില സീനുകള്‍ രാവിലെയാണെങ്കില്‍ മറ്റു ചില സീനുകള്‍ രാത്രിയായിരിക്കും ഷൂട്ട് ചെയ്യുക , ‘ ദിലീഷ് പോത്തന്‍ പറഞ്ഞു.

കൊവിഡിന്റെ സമയത്ത് താന്‍ യാദൃശ്ചികമായി രക്ഷാധികാരി ബൈജു എന്ന സിനിമ കണ്ടപ്പോഴാണ് രഞ്ജന്‍ പ്രമോദിനെ വിളിക്കുന്നതെന്നും ആ ചര്‍ച്ചകളാണ് പിന്നീട് ഓ ബേബി എന്ന സിനിമയിലേക്കെത്തിയതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

‘ ഞാനിങ്ങനെ കൊവിഡിന്റെ ഗ്യാപില്‍ പണിയൊന്നുമില്ലാതെയിരിക്കുമ്പോള്‍ പഴയ സിനിമകളിങ്ങനെ വീണ്ടും കണ്ടുകൊണ്ടിരുക്കുന്നതിനിടയില്‍ രക്ഷാധികാരി ബൈജു കണ്ടു.

ഞാനോര്‍ത്തു ഇദ്ദേഹം കുറേ നാളായല്ലോ സിനിമയൊക്കെ ചെയ്തിട്ടെന്നും ഒരു പ്രേക്ഷനെന്ന നിലയില്‍ രഞ്ജന്‍ സാറിന്റെ ഒരു പടം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്താണ് സിനിമയൊക്കെ ചെയ്തിട്ട് കുറേയായല്ലോ എന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒരു സിനിമയിലേക്ക് വികസിച്ചു.

രഞ്ജന്‍ പ്രമോദ് എന്ന ഫിലിം മേക്കര്‍ ഇന്നുവരെ ചെയ്തിട്ടുള്ള സിനിമകള്‍ കണ്ടിട്ട് എനിക്കാരാധന തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയെന്നൊരു ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമയുടെ ഡിസ്‌കഷന്റെ സമയത്ത് നമുക്ക് സിനിമയുടെ മുഴുവന്‍ ഔട്ട് കിട്ടില്ലാലോ. അത് പതിയെ ഡെവലപ്പാകുന്നൊരു പ്രോസസാണ്, ‘ ദിലീഷ് പോത്തന്‍ പറഞ്ഞു.

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ ബേബി. ദിലീഷ് പോത്തന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.


Content Highlights: Director Dileesh Pothan about his new movie

We use cookies to give you the best possible experience. Learn more