| Tuesday, 25th January 2022, 11:22 am

ഫഹദിന് ശേഷം ഏറ്റവും അത്ഭുതപ്പെടുത്തിയ നടനാര്? ; മറുപടിയുമായി ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിന് ശേഷം തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ നടനെ കുറിച്ചും സെലിബ്രിറ്റി റോള്‍ മോഡലിനെ കുറിച്ചുമെല്ലാം മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ദിലീഷ് പോത്തന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ തന്റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ദിലീഷ് പോത്തന്‍ മനസുതുറന്നത്.

ഫഹദിന് ശേഷം ഏറ്റവും അത്ഭുതപ്പെടുത്തിയ നടന്‍ ആരാണെന്ന ചോദ്യത്തിന് ‘ദിലീഷ് പോത്തന്‍’ എന്ന് തന്നെയായിരുന്നു ചിരിച്ചുകൊണ്ടുള്ള
അദ്ദേഹത്തിന്റെ മറുപടി.

തന്നെ സംബന്ധിച്ച് സെലിബ്രിറ്റി റോള്‍ മോഡല്‍ ഒന്നും ഇല്ലെന്നും സെലിബ്രിറ്റി ആകുക എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

സിനിമ സംവിധാനം ചെയ്യണമെന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ പഠിച്ചുവരുന്ന സമയത്തൊന്നും സംവിധായകന്‍മാര്‍ സെലിബ്രിറ്റികളല്ല. ആക്ടേഴ്‌സായിരുന്നു എല്ലാ കാലത്തും സെലിബ്രിറ്റികള്‍. സംവിധായകരൊക്കെ ഇപ്പോഴാണ് കുറച്ചുകൂടി പബ്ലിക്കിലേക്ക് എത്തിയതെന്നാണ് തോന്നുന്നത്.

എന്തും തുറന്നുപറയാവുന്ന ഒരു സെലിബ്രിറ്റി ഫ്രണ്ട് ആരാണെന്ന ചോദ്യത്തിന് ഒരുപാട് പേരുണ്ടെന്നും ഒരാളെ പറയണമെങ്കില്‍ ഫഹദിനെ പറയാമെന്നുമായിരുന്നു ദിലീഷ് പോത്തന്റെ മറുപടി.

ഏറ്റവും അധികം ചീത്തവിളിച്ച എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തായ വ്യക്തി ആരാണെന്ന ചോദ്യത്തിന് എല്ലാവരുമായിട്ട് നമ്മള്‍ വഴക്കുപിടിക്കാറുണ്ടെന്നും ഒരാളുടെ പേര് പറയണമെങ്കില്‍ ശ്യാം പുഷ്‌ക്കരന്റെ പേര് പറയുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ‘എല്ലാവരുമായിട്ട് നമ്മള്‍ വഴക്കുപിടിക്കാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കും. ചീത്ത കേള്‍ക്കാറുമുണ്ട്’.

രാഷ്ട്രീയത്തില്‍ ഒരു സീറ്റ് കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീഷിന്റെ മറുപടി. അത്തരത്തിലൊരു ക്വാളിറ്റി ഉള്ള ആളാണ് താനെന്ന് ജീവിതത്തില്‍ ഒരിക്കലും തോന്നിയിട്ടില്ലെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

താന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദിന് പകരം ആദ്യഘട്ടത്തില്‍ സൗബിനെ ആലോചിച്ചിരുന്നെന്നും എന്നാല്‍ സൗബിന്‍ സംവിധാനം ചെയ്ത പറവ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം അത് പിന്നീട് മാറി ചിന്തിക്കുകയായിരുന്നെന്നും അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറയുന്നുണ്ട്.

2018ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഫഹദ് ഫാസിലിന് നേടിക്കൊടുത്ത ചിത്രമാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും.നടന്‍ കൂടിയായ ദിലീഷ് പോത്തന്റെ സംവിധാന സംരംഭത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതല്‍.

സൗബിന് ഇത് പിന്നീട് ഒരു നഷ്ടമായി തോന്നിയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല, സൗബിന്‍ ആ സമയത്ത് പറവ ചെയ്തു, ഒരു സിനിമ ഉണ്ടായില്ലേ എന്നായിരുന്നു ദിലീഷ് നല്‍കിയ മറുപടി.

Content Highlight: Director Dileesh Pothan About His Favourate Actor and Fahadh Faasil

We use cookies to give you the best possible experience. Learn more