മലയാളക്കര മുഴുവന്‍ എമ്പുരാന്റെ പിന്നാലെ പായുകയാണ്. ആദ്യദിവസത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാന്‍ പലരും ഓടുമ്പോള്‍ ചിത്രത്തില്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവെച്ച രഹസ്യമെന്തെന്നറിയാന്‍ ചിലര്‍ കാത്തിരിക്കുകയാണ്. ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡുകളും എമ്പുരാന്റെ വരവോടെ തകരുമെന്ന് ഉറപ്പാണ്. 2025ല്‍ ഇതുവരെ ഒരു വലിയ വിജയമില്ലാതിരുന്ന മോളിവുഡ് എമ്പുരാനിലൂടെ ടോപ് ഗിയറിലേക്ക് കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മോളിവുഡിന്റെ സമ്മര്‍ റിലീസിന് കൂടിയാണ് എമ്പുരാനിലൂടെ തുടക്കമാകുന്നത്. ഈദ് റിലീസായെത്തുന്ന എമ്പുരാന് രണ്ടാഴ്ചയോളം ഫ്രീ റണ്‍ ലഭിക്കുമെന്നും ക്ലീന്‍ പോസിറ്റീവ് റിവ്യൂ വന്നാല്‍ ചരിത്രം കുറിക്കുന്ന കളക്ഷന്‍ സ്വന്തമാക്കുമെന്നുമാണ് പല ട്രാക്കിങ് പേജുകളും അഭിപ്രായപ്പെടുന്നത്. രണ്ടാഴ്ചക്ക് ശേഷം മലയാളത്തിലെ വിഷു റിലീസുകളും തിയേറ്ററുകളിലെത്തും.
മമ്മൂട്ടി നായകനാകുന്ന ബസൂക്കയാണ് ഇതില്‍ പ്രധാന ചിത്രം. ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡീനോ ഡെന്നീസാണ്. ഫെബ്രുവരി റിലീസായ പ്ലാന്‍ ചെയ്ത ബസൂക്ക ഏപ്രിലിലേക്ക് റിലീസ് മാറ്റുകയായിരുന്നു. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഗെയിം ത്രില്ലറായാണ് ബസൂക്ക ഒരുങ്ങുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഡീനോ ഡെന്നീസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എഡിറ്റിങ്ങിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഡീനോ ഇക്കാര്യം അറിയിച്ചത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റര്‍. എമ്പുരാന്റെ റിലീസിനൊപ്പം ബസൂക്കയുടെ ട്രെയ്‌ലറും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൂട്ടിന് താത്കാലിക ബ്രേക്ക് നല്‍കി വിശ്രമത്തിലായിരുന്ന ബസൂക്കയുടെ പ്രൊമോഷനുകള്‍ക്കായി വീണ്ടും സജീവമാകും. ദുബായ്‌യില്‍ വെച്ചാകും ബസൂക്കയുടെ ട്രെയ്‌ലര്‍ ലോഞ്ച്. എമ്പുരാന്റെ ഓളം അടങ്ങിയതിന് ശേഷം ചിത്രത്തിന്റെ പ്രൊമോഷനുകള്‍ ആരംഭിക്കാമെന്ന ചിന്തയിലാണ് അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ മാത്രം 300നടുത്ത് തിയേറ്ററുകളില്‍ ബസൂക്ക പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.
ബസൂക്കയുടെ പ്രൊമോഷനൊപ്പം മഹേഷ് നാരായണന്‍ പ്രൊജക്ടിന്റെ പ്രൊമോ ഷൂട്ടും നടക്കുമെന്ന റൂമറുകളുമുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും അണിനിരക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ബസൂക്കക്കൊപ്പം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഏപ്രില്‍ 10നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
Content Highlight: Director Deeno Dennis gave the trailer update of Bazooka movie