ദിലീപിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും; നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്ര മേനോന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ദിലീപിന്റെ അന്നത്തെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുമെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ദിലീപിനെ പൂര്‍ണമായും ന്യായീകരിക്കുന്ന വീഡിയോയാണ് ബാലചന്ദ്ര മേനോന്‍ പുറത്തുവിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അനുഭവിച്ച മാനസിക പ്രതിസന്ധി ചിന്തിക്കാന്‍ പോലും പറ്റില്ലെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
”ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല, എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല.
എന്റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നില്ല എന്നാണ്. പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ആഴം അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല. ആ പ്രശ്നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ല”- ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
തനിക്ക് സംഭവിച്ച പ്രശ്നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
എന്നാലും ശരത് എന്ന സിനിമയുടെ സെറ്റില്‍ തന്നെ കാണാന്‍ എത്തിയ ദിലീപിന് താന്‍ തന്റെ വാക്കുകളിലൂടെ ആത്മവിശ്വാസം നല്‍കിയെന്നും സ്വാതന്ത്ര്യം നഷ്ടപെട്ട അദ്ദേഹത്തിന് താന്‍ ധൈര്യം കൊടുത്തുവെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.