| Sunday, 5th January 2025, 11:45 am

മഞ്ഞുമ്മല്‍ ബോയ്‌സിലെ ആ ഹിറ്റ് ഡയലോഗ് അദ്ദേഹത്തിന്റെ സംഭാവന: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ വന്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറത്തും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ ഏറെ കയ്യടി നേടിയ സീനായിരുന്നു സുഭാഷിനെ രക്ഷിക്കാന്‍ പോകുന്നതിന് മുമ്പുള്ള കുട്ടേട്ടന്റെയും സുധിയുടെയും സംഭാഷണം. ‘നീ ആണെങ്കില്‍ എന്ത് ചെയ്യും, നീ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങും’ എന്ന ഡയലോഗ് തന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ സംഭാവനയാണെന്ന് പറയുകയാണ് സംവിധായകന്‍ ചിദംബരം.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ഓരോ ടീം മെമ്പറും അത്രയും ഇന്‍വോള്‍വ്ഡ് ആയിരുന്നെന്നും ആ ടീമിനെ ഹാപ്പിയാക്കി വെക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ പഠിക്കാന്‍ വരുന്നവരാണെന്ന് പറഞ്ഞ് സംവിധാന സഹായികളെ ചൂഷണം ചെയ്യാന്‍ പാടില്ലെന്നും അവര്‍ക്കും പ്രോഗ്രസ്സ് ഉണ്ടാകണമെന്ന ചിന്ത വേണമെന്നും ചിദംബരം പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഒരു സംവിധായകന് കാര്യങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ ഒരു സൈന്യം ആവശ്യമാണ്. അതിന് ഉദാഹരണമാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ‘നീ ആണെങ്കില്‍ എന്ത് ചെയ്യും, നീ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ഇറങ്ങും’ എന്ന ഡയലോഗ്. എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞതാണ്. ആ സാഹചര്യത്തിന് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ആ പ്രൊജക്ടുമായി മഞ്ഞുമ്മലിന്റെ മൊത്തം ടീമും അത്രയും ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. ചില സമയങ്ങളില്‍ അവര്‍ എന്നേക്കാള്‍ മികച്ചതും ആണ്. കൂടാതെ ടീമിനെ ഹാപ്പി ആയി വെക്കുക എന്ന് പറയുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ക്ക് ശരിയായ രീതിയില്‍ ശമ്പളം കൊടുക്കുക എന്നതെല്ലാം ഇതില്‍ പെടുന്നതാണ്. സിനിമ പഠിക്കാന്‍ വരികയാണെന്ന് പറഞ്ഞ് അവരെ ചൂഷണം ചെയ്യരുത്.

അവരും ടെക്നീഷ്യന്മാരാണ്. അവര്‍ നമുക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന ഉത്തമബോധം വേണം. അവരെ കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും വേണം. നമ്മുടെ സിനിമ മൂലം അവര്‍ക്കും പ്രോഗ്രസ്സ് ഉണ്ടാകുമെന്ന കാര്യവും അവര്‍ ഭാവിയില്‍ സ്വതന്ത്ര സംവിധായകനായി മാറുമെന്ന കാര്യവും ഉറപ്പുവരുത്തണം,’ ചിദംബരം പറയുന്നു.

Content Highlight: Director Chithambaram Talks About The  Importance  Of assistant Directors In Movies

We use cookies to give you the best possible experience. Learn more