ഓഗസ്റ്റ് 19നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കമുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന സംവിധായകനാണ് ചിദംബരം. തന്റെ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും ഐ.സി.സിയെ കുറിച്ചും ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിദംബരം.
ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എല്ലാ സിനിമാ സെറ്റുകളിലും നിര്‍ബന്ധമാണെന്നും മഞ്ഞുമ്മല്‍ ബോയ്‌സില്‍ സ്ത്രീകള്‍ ഇല്ലാത്തതിനാല്‍ അതുണ്ടാകേണ്ട ആവശ്യം ഇല്ല എന്നൊന്നുന്നില്ലെന്നും അതുകൊണ്ട് തന്നെ ആ സിനിമയുടെ സെറ്റിലും ഐ.സി.സി ഉണ്ടായിരുന്നെന്നും ചിദംബരം പറയുന്നു.
എല്ലാ മേഖലയിലും പുരുഷാധിപത്യം ഉണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം മുന്നേ അറിയുന്നതാണെന്നും അതുകൊണ്ട് തന്നെ അത് കേട്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐ.സി.സി) എല്ലാ സിനിമാ സെറ്റിലും ഉണ്ടായിരിക്കും. മഞ്ഞുമ്മല്‍ ബോയ്‌സിലും ഐ.സി.സിയുണ്ടായിരുന്നു. സ്ത്രീകള്‍ ഇല്ലായെന്ന് വെച്ച് ഐ.സി.സി സിനിമാ ലൊക്കേഷനില്‍ ഇല്ലാതിരിക്കേണ്ട ആവശ്യമില്ല. ഹോളിവുഡിലൊന്നും ഇത്തരത്തിലുള്ള കേസുകള്‍ നടക്കുന്നില്ല എന്നൊന്നും ഇല്ല. അവിടെയും ഉണ്ട്.
ഹാര്‍വി കേസെല്ലാം ഇതിന് ഉദാഹരണമാണ്. ഇത് ലോകത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പുരുഷാധിപത്യം ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞാന്‍ ഞെട്ടിയില്ല കാരണം ഇതെനിക്ക് പുതിയ അറിവല്ല. നമ്മളെല്ലാവരും സംസാരിക്കുന്നതാണത്. റിപ്പോര്‍ട്ടില്‍ അതെല്ലാം ഒരു പേപ്പറില്‍ ആക്കി എന്ന് മാത്രമാണ്,’ ചിദംബരം പറയുന്നു.
Content Highlight: Director Chidambharam Talks About Hema Committee Report And ICC in Malayalam cinema