ആ ബോളിവുഡ് ഗ്യാങ്സ്റ്റര്‍ ചിത്രത്തിന് മുമ്പ് ഒരു ചെറിയ മലയാള സിനിമ ചെയ്‌തേക്കാം: ചിദംബരം
Entertainment
ആ ബോളിവുഡ് ഗ്യാങ്സ്റ്റര്‍ ചിത്രത്തിന് മുമ്പ് ഒരു ചെറിയ മലയാള സിനിമ ചെയ്‌തേക്കാം: ചിദംബരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 7:50 pm

2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ സിനിമയിലൂടെ ചിദംബരം എന്ന സംവിധായകന്റെ റേഞ്ച് മനസിലായതാണ്. അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത് വലിയ വാര്‍ത്തയായിരുന്നു.

വരാനിരിക്കുന്ന തന്റെ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തെ കുറിച്ച് പറയുകയാണ് ചിദംബരം. സിനിമ അതിന്റെ ഡെവലപ്പ്‌മെന്റ് സ്റ്റേജിലാണെന്നും കാസ്റ്റിങ്ങ് നടക്കുന്നതേയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. ആ ബോളിവുഡ് ചിത്രത്തിന് മുമ്പ് ചിലപ്പോള്‍ താന്‍ ഒരു ചെറിയ മലയാളം സിനിമ ചെയ്‌തേക്കാമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ഹിന്ദിയില്‍ ചെയ്യാന്‍ പോകുന്ന സിനിമ അതിന്റെ ഡെവലപ്പ്‌മെന്റ് സ്റ്റേജിലാണ്. ബാക്കി ഡേറ്റ്‌സും അതിന്റെ കാസ്റ്റിങ്ങുമൊക്കെ നടക്കുന്നതേയുള്ളൂ. മുബൈ ബേസ്ഡായ കഥയാണ് അത്. ഒരു ഗ്യാങ്‌സ്റ്റര്‍ ഡ്രാമ പോലെയുള്ള പരിപാടിയാണ് വരാനിരിക്കുന്നത്. ഫാന്റമാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്.

ഡെവലപ്പ്‌മെന്റ് സ്റ്റേജിലാണെന്ന് മാത്രമേ പറയാന്‍ ആകുകയുള്ളൂ. അതേ തത്കാലം പറയാനായിട്ടുള്ളൂ. ഞാന്‍ തന്നെയാണ് ആ സിനിമ എഴുതുന്നത്. പക്ഷെ ഹിന്ദിയിലെ ഒരു ഡയലോഗ് റൈറ്ററുണ്ട്. മുമ്പ് ചെയ്ത സിനിമയുടെ ഭാരങ്ങള്‍ വെച്ചിട്ട് അടുത്ത സിനിമ ചെയ്യാന്‍ പറ്റില്ല.

ഞാന്‍ ഹിന്ദിയില്‍ സിനിമ ചെയ്യുന്നുണ്ടെങ്കിലും അത് മിക്കവാറും അടുത്ത വര്‍ഷം പകുതിയോടെയൊക്കെ മാത്രമേ നടക്കുകയുള്ളൂ. അതിന്റെ മുമ്പ് ഞാന്‍ ചിലപ്പോള്‍ ഒരു ചെറിയ മലയാളം സിനിമ ചെയ്‌തേക്കാം. പടത്തിന്റെ സ്‌കെയില്‍ നോക്കിയാല്‍ നമുക്ക് പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ ഒന്നില്‍ മാത്രമായി സ്റ്റക്കായി പോയേക്കും,’ ചിദംബരം പറയുന്നു.

Content Highlight: Director Chidambaram Talks About his Upcoming Bollywood And Malayalam Movie