| Friday, 6th September 2024, 12:47 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എന്റെ ജനറേഷനിലുള്ള ഫിലിം മേക്കേഴ്‌സില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല : ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഗസ്റ്റ് 19നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗവണ്‍മെന്റ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൊണ്ടുവന്നത് തന്നെ വലിയകാര്യമാണെന്നും എന്നാല്‍ അതിന്റെ തുടര്‍ നടപടികള്‍ എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും സംവിധായകന്‍ ചിദംബരം പറയുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും എന്നാല്‍ തന്റെ ജനറേഷനിലുള്ള ഫിലിം മേക്കേഴ്‌സില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സിനിമ പൊതുസമൂഹം ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രിയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലെ വാര്‍ത്ത വരുമ്പോള്‍ അത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിദംബരം.

‘കേരള ഗവണ്‍മെന്റ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊന്ന് കൊണ്ടുവരാന്‍ കാണിച്ചത് തന്നെ വലിയ കാര്യമാണ്. ബാക്കി ഉള്ള ഇന്‍ഡസ്ട്രികള്‍ എങ്ങനെയാണ് ഇതിനെ എടുക്കുന്നതെന്ന് എനിക്ക് അറിയില്ല. ആ റിപ്പോര്‍ട്ട് പുറത്ത് വന്നതിലും ഒരുപാട് സന്തോഷം. എന്നാല്‍ അതിന് ശേഷം പുറത്ത് വരുന്ന കാര്യങ്ങള്‍ നാണക്കേടാണ്. ഞങ്ങളുടെ ജനറേഷനിലുള്ള ഫിലിം മേക്കേഴ്‌സില്‍ ഇത്തരത്തിലുള്ളത് ഉണ്ടെന്ന് തോന്നുന്നില്ല.

സിനിമ എന്നല്ല ഒരു മേഖലയിലും ഇത്തരത്തിലുള്ള പ്രാക്ടീസ് നല്ലതല്ല, ഉണ്ടാകാന്‍ പാടില്ലാത്തതാണ്, വളരെ മോശമാണ്. ഫിലിം ഇന്‍ഡസ്ട്രി എല്ലാവരും ശ്രദ്ധിക്കുന്നതാണ്. പൊതുസമൂഹം എപ്പോഴും ഉറ്റുനോക്കുന്നതാണ്. അപ്പോള്‍ ആളുകള്‍ അതിനെ നോക്കികാണുന്നതും ചര്‍ച്ച ചെയ്യുന്നതും സംസാരിക്കുന്നതുമെല്ലാം കൂടുതലായിരിക്കും.

ഗവണ്‍മെന്റ് ഇതിന് ഒരു മാര്‍ഗം കണ്ടു പിടിക്കേണ്ടതുണ്ട്. ഇതൊരു ഏകീകൃതമല്ലാത്ത മേഖലയാണ് അതുകൊണ്ട് തന്നെ ഓരോ പ്രൊട്ടോക്കോളുകളും കൃത്യമായി എങ്ങനെ നടപ്പിലാകും എന്നെല്ലാം തീരുമാനിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം എന്ത് നടപടിയാണ് എടുക്കുന്നത് എന്ന് അറിയേണ്ടതുണ്ട്,’ ചിദംബരം പറയുന്നു.

Content Highlight: Director Chidambaram Talks About Hema Committee Report

We use cookies to give you the best possible experience. Learn more